വ്യാജ ബോംബ് ഭീഷണി; ഇന്ന് സന്ദേശങ്ങൾ ലഭിച്ചത് 95ലേറെ വിമാനങ്ങൾക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 07:17 PM | 0 min read


ന്യൂഡൽഹി
രാജ്യത്തെ വ്യോമയാന മേഖലയെ വട്ടംകറക്കി വ്യാഴാഴ്‌ച 95 വിമാനസർവീസിനു കൂടി ബോംബ്‌ ഭീഷണി. ആകാശയുടെ 25ഉം എയർഇന്ത്യ, ഇൻഡിഗോ, വിസ്‌താര എന്നിവയുടെ 20 വീതവും സ്‌പൈസ്‌ജെറ്റ്‌, അലയൻസ്‌ എയർ എന്നിവയുടെ അഞ്ച്‌ വീതവും സർവീസുകൾക്കാണ് വ്യാഴാഴ്‌ച ഭീഷണി ഉണ്ടായത്‌. ഇതോടെ കഴിഞ്ഞ  10 ദിവസത്തിൽ ബോംബ്‌ ഭീഷണി നേരിട്ട വിമാന സർവീസുകളുടെ എണ്ണം 250ഓളമായി.    പരിശോധനയിൽ  ഭീഷണി വ്യാജമെന്ന്‌ ബോധ്യമാകുന്നുണ്ടെങ്കിലും  യാത്രക്കാരും സുരക്ഷാ ജീവനക്കാരും വ്യോമയാന അധികൃതരും ഇതുകാരണം നേരിടുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സർവീസ്‌  താളംതെറ്റുന്നത്‌ കാരണം വ്യോമയാന കമ്പനികൾക്ക്‌ കോടികളാണ്‌ നഷ്ടം. വ്യാജബോംബ്‌ ഭീഷണി സന്ദേശം അയക്കുന്നവർക്ക്‌ യാത്രാവിലക്ക്‌ ഏർപ്പെടുത്തുമെന്ന്‌ വ്യോമയാന മന്ത്രി മോഹൻ നായിഡു പറഞ്ഞു. ഡൽഹി പൊലീസ്‌ ഇതുവരെ എട്ട്‌ കേസ്‌ രജിസ്റ്റർ ചെയ്‌തു. സമൂഹമാധ്യമങ്ങൾ വഴിയുള്ള ഭീഷണിസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സാങ്കേതിക വിദഗ്‌ധരുടെ സംഘത്തെ കേന്ദ്രം നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല.

കൊച്ചിയിൽ 
6 വിമാനത്തിന്
കൊച്ചി വിമാനത്താവളത്തിൽ വ്യാഴാഴ്‌ച ആറ്‌ വിമാനങ്ങൾക്ക്‌ ബോംബ്‌ ഭീഷണി. ഇൻഡിഗോയുടെ കൊച്ചി–-ബംഗളൂരു, കൊച്ചി–- ഹൈദരാബാദ്‌ വിമാനങ്ങൾക്കും വിസ്‌താരയുടെ കൊച്ചി–-മുംബൈ, ആകാശ എയറിന്റെ കൊച്ചി–-മുംബൈ, സ്‌പൈസ്‌ജെറ്റിന്റെ കൊച്ചി–-ദുബായ്‌, എയർഇന്ത്യയുടെ കൊച്ചി–-ലണ്ടൻ വിമാനങ്ങൾക്കുമാണ്‌ ബോംബ്‌ ഭീഷണിയുണ്ടായത്‌. സമൂഹമാധ്യമമായ എക്‌സിലാണ്‌ പകൽ ഒന്നിനും രണ്ടിനും ഇടയിൽ സന്ദേശം എത്തിയത്‌. അപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home