ജാർഖണ്ഡിൽ ജെഎംഎം 36 സീറ്റിൽ ; കോൺഗ്രസ്‌ 21 സീറ്റിലും ആർജെഡി 6 സീറ്റിലും 
സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 03:06 AM | 0 min read

ന്യൂഡൽഹി
ജാർഖണ്ഡിൽ ഇന്ത്യാ കൂട്ടായ്‌മയെ നയിക്കുന്ന ജെഎംഎം 36 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ സിറ്റിങ്‌ സീറ്റായ ബർഹൈത്തിൽ മത്സരിക്കും. ഹേമന്ത് സൊറന്റെ ഭാര്യ കൽപ്പന സോറൻ ഗാണ്ഡേയിലും സഹോദരൻ ബസന്ത്‌ സോറൻ ദുംകയിലും മത്സരിക്കും. രാജ്യസഭാംഗം മഹുവാ മാജി റാഞ്ചിയിൽ ജനവിധി തേടും. മുതിർന്ന നേതാക്കളായ സ്റ്റീഫൻ മറാണ്ടി, എം ടി രാജ, ധനഞ്‌ജയ്‌ സോറൻ, വികാസ്‌ മുണ്ട എന്നിവരും പട്ടികയിലുണ്ട്‌.

ഇന്ത്യാ കൂട്ടായ്‌മയുടെ ഭാഗമായ കോൺഗ്രസ്‌ 21 സീറ്റിലും മറ്റൊരു സഖ്യകക്ഷിയായ ആർജെഡി ആറ്‌ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എംഎൽ മൂന്ന്‌ സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറ്‌ സീറ്റാണ്‌ സിപിഐ എംഎൽ ആവശ്യപ്പെടുന്നത്‌. ജെഎംഎം–- കോൺഗ്രസ്‌ കൂട്ടുകെട്ടിന്റെ ഏകപക്ഷീയമായ സീറ്റുധാരണയിൽ പ്രതിഷേധിച്ച്‌ 15 സീറ്റിൽ തനിച്ച്‌ മത്സരിക്കുമെന്ന്‌ സിപിഐ പ്രഖ്യാപിച്ചിരുന്നു. 10 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കളുടെ നിരവധി ബന്ധുക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ടയുടെ ഭാര്യ മീരാ മുണ്ടയും മധു കോഡയുടെ ഭാര്യ ഗീത കോഡയും മറ്റൊരു മുൻമുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമദാസ്‌ സാഹുവും സ്ഥാനാര്‍ഥികളാണ്.

സിപിഐ എം 9 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ജാർഖണ്ഡിൽ ഒമ്പത്‌ സീറ്റിൽ സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സുരേഷ്‌ മുണ്ട (തമർ), സ്വപൻ മഹാതോ (ബഹരഗോര), മധുവ കച്ചാപ്പ്‌ (സിസായി), പുൻ ഭുയ്യോ (ചത്ര), ലഖൻ ലാൽ മണ്ഡൽ (ജാംതാര), മുഹമ്മദ്‌ ഷെയ്‌ഖ്‌ സെയ്‌ഫുദ്ദീൻ (പാകുർ), ഗോപിൻ സോറൻ (മഹേഷ്‌പുർ), സനാതൻ ദെഹ്‌രി (ജമ), ഡോ. കീർത്തി മുണ്ട (മന്ഥർ) എന്നിവരാണ്‌ സ്ഥാനാർഥികൾ.ജാർഖണ്ഡിലെ ഇന്ത്യാ കൂട്ടായ്‌മയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ്‌ ഒമ്പത്‌ സീറ്റിൽ സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home