വിമാനത്തിലെ ബോംബ് ഭീഷണി; 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽ നിന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 01:50 PM | 0 min read

ന്യൂഡൽഹി > തുടരെയുള്ള ബോംബ് ഭീഷണിയിൽ വലഞ്ഞ് വ്യോമ ​ഗതാ​ഗതം. കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി ലഭിച്ച വിമാനങ്ങളിൽ 46 വിമാനങ്ങൾക്കും ഭീഷണി സന്ദേശമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽ നിന്നാണെന്നാണ് വിവരം. @adamlanza1111 എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. വെള്ളിയാഴ്ച ഇതേ അക്കൗണ്ടിൽ നിന്ന് 12 വിമാനങ്ങൾക്കുള്ള ഭീഷണി സന്ദേശങ്ങളാണ് എത്തിയത്.

ശനിയാഴ്ച ഇത് 34 ആയി ഉയർന്നു. നിലവിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്. ആഭ്യന്തര വിമാന സർവീസുകളായ എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, അകാസ എയർ, അലയൻസ് എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയ്ക്കും അമേരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ, എയർ ന്യൂസിലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങൾക്കു നേരെയുമാണ് ഭീഷണികളെത്തിയത്.

അടിയന്തര യോഗം ചേർന്ന്‌ വ്യോമയാന മന്ത്രാലയം

തുടർച്ചയായ വ്യാജ ബോംബ് ഭീഷണിയിൽ വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം ചേർന്നു. വ്യോമയാന സുരക്ഷാ ചുമതലയുള്ള ബ്യൂറോ ഓഫ്‌ സിവിൽ എവിയേഷൻ സെക്യൂരിറ്റീസ്‌ (ബിസിഎഎസ്‌) ശനിയാഴ്‌ച വ്യോമയാന കമ്പനി സിഇഒമാരുടെ യോഗം വിളിച്ചത്‌.

ബോംബ്‌ ഭീഷണി നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ (എസ്‌ഒപി) പാലിക്കണമെന്ന്‌ സിഇഒമാരോട്‌ നിർദേശിച്ചു. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും വലിയ ബുദ്ധിമുട്ടും നഷ്‌ടവുമുണ്ടാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും കൃത്യമായ വിവരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ബോംബ്‌ ഭീഷണി നേരിടുന്നതിനുള്ള പുതുക്കിയ മാർഗ നിർദേശം പുറപ്പെടുവിക്കുന്നത്‌ ബിസിഎഎസിന്റെയും ഡിജിസിഎയുടെയും പരിഗണനയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home