"സീതയെ തേടിയിറങ്ങി" വാനരരായി അഭിനയിച്ച പ്രതികൾ രക്ഷപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 02:07 PM | 0 min read

ഹരിദ്വാര്‍>  ഹരിദ്വാർ ജില്ലാ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ്‌ പൊലീസുകാർക്ക്‌ സസ്‌പെൻഷൻ. വെള്ളിയാഴ്ച രാത്രി ജയിലിൽ രാമലീല അരങ്ങേറുന്നതിനിടെയാണ് സംഭവം.

കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്ന ഹരിദ്വാറിലെ റൂർക്കി സ്വദേശിയായ പങ്കജും തട്ടിക്കൊണ്ടുപോകല്‍ കേസിലെ വിചാരണ തടവുകാരനായിരുന്നു  ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി രാജ്കുമാറുമാണ്‌ രക്ഷപ്പെട്ടത്‌.  നിർമാണ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ഗോവണി ഉപയോഗിച്ചാണ് പങ്കജും രാജ്കുമാറും രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതുകൂടാതെ കോവിഡ് സമയത്ത് പരോളിലിറങ്ങിയ 550ഓളം തടവുകാരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു.

സൂപ്രണ്ട് ഇൻ ചാർജ്  പ്യാരി ലാൽ ആര്യ, ഡെപ്യൂട്ടി ജയിലർ കുൻവർ പാൽ സിംഗ്, ഹെഡ് വാർഡർ പ്രേംശങ്കർ യാദവ്, ഹെഡ് വാർഡർ ഇൻചാർജ് വിജയ് പാൽ സിംഗ്, ബദിരക്ഷക് ഇൻ ചാർജ് ഓംപാൽ സിംഗ്, ഗേറ്റ്കീപ്പർ നിലേഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്‌. ഡ്യൂട്ടിയിൽ അനാസ്ഥ കാണിച്ചതിനാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകി.  സംഭവസ്ഥലം പരിശോധിച്ച് സൂചനകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും സംഭവസ്ഥലത്തേയ്ക്ക്‌ വിളിച്ചിട്ടുണ്ട്.

രാമലീലയില്‍ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സീതയെ കണ്ടെത്താനെന്ന വ്യാജേനയാണ് പ്രതികള്‍ രക്ഷപ്പെട്ടത്‌. വാനരപ്പട ഓടിപോകുന്നത്‌ സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതുകയായിരുന്നു. എന്നാൽ ഇവർ തിരിച്ചു വരാത്തതിനെതുടർന്നാണ്‌ പ്രതികൾ രക്ഷപ്പെട്ടതാണെന്ന്‌ പൊലീസിനു മനസിലായത്‌.  



 



deshabhimani section

Related News

View More
0 comments
Sort by

Home