ഭക്ഷണം ചോദിച്ചപ്പോൾ പാത്രമെടുത്ത്‌ യാചിക്കാൻ പറഞ്ഞു; സ്വത്തിനുവേണ്ടി പീഡനം, ദമ്പതികൾ ആത്മഹത്യ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:53 PM | 0 min read

ജയ്‌പൂർ>  രാജസ്ഥാനിൽ  ഭാര്യയും ഭർത്താവും വീട്ടിലെ വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തു. സ്വത്തിനു വേണ്ടി മക്കൾ നടത്തിയ അതിക്രമത്തെ തുടർന്നാണ്‌ ഇരുവരും ആത്മഹത്യ ചെയ്തത്‌. മരിക്കുന്നതിനുമുമ്പ്‌  മക്കൾ തങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ ഇവർ രേഖപ്പെടുത്തി ചുവരിൽ ഒട്ടിക്കുകയും ചെയ്തു.

രാജസ്ഥാനിലെ നാഗൗറിൽ താമസിച്ചിരുന്ന 70 കാരനായ ഹസാരിറാം ബിഷ്‌ണോയിയും 68 കാരിയായ ഭാര്യ ചാവാലി ദേവിയുമാണ്‌ ആത്മഹത്യ ചെയ്തത്‌.  മൃതദേഹം  വ്യാഴാഴ്ച കർണി കോളനിയിലെ വീട്ടിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്ന്‌ കണ്ടെടുത്തു.

മക്കളും മരുമക്കളും ചേർന്ന്‌  മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഭക്ഷണം നൽകുന്നത് നിർത്തുകയും അമ്മയോട് "ഒരു പാത്രമെടുത്ത് യാചിക്കാൻ" ആവശ്യപ്പെടുകയും ചെയ്തതായി ചുമരിൽ ഒട്ടിച്ച കുറിപ്പിൽ പറയുന്നു.

ദമ്പതികൾക്ക്  - രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്‌.  അതിൽ ഒരു മകൻ രാജേന്ദ്ര മൂന്ന് തവണയും സുനിൽ രണ്ടുതവണയും മർദ്ദിക്കുകയും  ഇതിൽ പരാതി നൽകിയാൽ  ഉറക്കത്തിൽ തങ്ങളെ കൊല്ലുമെന്ന്‌ ഭീഷണിപ്പടുത്തുകയും ചെയ്തതായി കുറിപ്പിൽ എഴുതി. കൂടാതെ തങ്ങളെ കബളിപ്പിച്ച്‌ സ്ഥലവും ഒരു കാറും കൈവശപ്പെടുത്തിയതായും പറഞ്ഞു. ഭക്ഷണം ചോദിച്ചപ്പോൾ "ഒരു പാത്രമെടുക്കൂ, യാചിക്കൂ, ഞങ്ങൾ ഭക്ഷണം തരില്ല" എന്നായിരുന്നു മക്കൾ ഇവരോട്‌ പറഞ്ഞത്‌.

സംഭവത്തിൽ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും  വീടിനുള്ളിലെ സിസിടിവി ക്യാമറയുടെ വീഡിയോ റെക്കോർഡിംഗ് കണ്ടെത്താൻ  ശ്രമിക്കുകയാണെന്നും പൊലീസ്‌ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home