ഹരിയാനയിലേത് ഇരന്നുവാങ്ങിയ തോല്‍വി; കീഴ്ഘടകങ്ങള്‍ ഉണ്ടാക്കിയില്ല, എല്ലാം കനഗോലുവിന് തീറെഴുതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 09:46 AM | 0 min read

ന്യൂഡല്‍ഹി> രാഷ്ട്രീയ പാര്‍ടിയെന്നാല്‍ ആള്‍ക്കൂട്ടമാണെന്ന തെറ്റിദ്ധാരണ,  പ്രാദേശിക നേതാക്കളെ തള്ളി  തെരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ സുനില്‍ കനഗോലുവിനെ അമിതമായി ആശ്രയിച്ചത്, ഇവ രണ്ടുമാണ് സ്വര്‍ണ്ണത്തളികയില്‍ ലഭിക്കേണ്ട വിജയം കോണ്‍ഗ്രസില്‍ നിന്ന് തട്ടിയകറ്റിയത്. കര്‍ഷകരും യുവാക്കളും സ്ത്രീകളും  ഒപ്പം നിന്നിട്ടും പ്രാദേശിക വികാരമറിഞ്ഞ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയും ഹരിയാനയില്‍ പരാജയപ്പെട്ടു. മറുവശത്ത് പണമൊഴുക്കിയും പുറത്തുനിന്ന് ആര്‍എസ്എസ് കേഡര്‍മാരെയും പ്രൊഫഷണലുകളെയും ഇറക്കിയും ബിജെപി പയറ്റിയ മൈക്രോ തന്ത്രങ്ങള്‍  കടുത്ത ഭരണവിരുദ്ധ തരംഗത്തിലും അവരെ  രക്ഷിച്ചു.  

   2014 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് എല്ലാ കോണ്‍ഗ്രസ് ഘടകങ്ങളും എഐസിസി പിരിച്ചുവിട്ടത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ കീഴ്ഘടകങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്  തയ്യാറായില്ല. വാര്‍ഡ്,ബ്ലോക്ക്, മണ്ഡലം, ഡിസിസി, പിസിസി ഘടകങ്ങള്‍ ഒന്നുമില്ലാതെയാണ് മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകള്‍  കോണ്‍ഗ്രസ് നേരിട്ടത്. മൂന്നിലും തോറ്റമ്പി. പിസിസി അധ്യക്ഷന്‍ ഉദയ് ഭുയാന്‍ മാത്രമാണ് സംഘടനയെ നിലവില്‍ പ്രതിനിധീകരിക്കുന്നത്. സംഘടന കെട്ടിപ്പടുക്കാനോ പ്രതിപക്ഷനേതാവ് ഭൂപേന്ദര്‍ ഹുഢ-- കുമാരി ഷെല്‍ജ തര്‍ക്കത്തിലോ ഒന്നും ചെയ്യാനില്ലാതെ അഖിലേന്ത്യ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തോല്‍വിയില്‍ പങ്കുവഹിച്ചു.   ഇത്തവണ  ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചുസീറ്റ് ജയിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളില്‍  അമിത ആത്മവിശ്വാസം മൊട്ടിട്ടതും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിര്‍ബന്ധപ്രകാരം റോത്തക് എംപി  ദീപേന്ദര്‍ സിങ് ഹൂഡ കനഗോലുവിനെ ഹരിയാന തന്ത്രങ്ങള്‍ മെനയാന്‍ ഏല്‍പ്പിച്ചപ്പോള്‍ തന്നെ നേതൃദാരിദ്ര്യം വെളിവായിരുന്നു. ഹൂഡ പക്ഷത്തിന് വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുറ
പ്പാക്കിയും ഷെല്‍ജ അനുയായികളെ വെട്ടിനിരത്തിയും കനഗോലുവും കുഴിതോണ്ടി.വരാനിരിക്കുന്ന  മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും കനഗോലുവിനാണ് ചുമതല.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പേ  തുടങ്ങിയ തന്ത്രങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി തുടര്‍ന്നത്.  60 വീടുകള്‍ക്ക് ഒരു നിരീക്ഷകനെ ആര്‍എസ്എസ് നിയമിച്ചു. പേര് ,ജാതി,മതം, രാഷ്ട്രീയ ചായ്വ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന  വോട്ടര്‍മാരുടെ പട്ടിക പ്രൊഫഷണലുകള്‍ തയ്യാറാക്കി. വീടുകള്‍ നിരന്തരം പ്രാദേശിക നേതാക്കള്‍ കയറിയിറങ്ങി വോട്ടുറപ്പാക്കി.പണം നല്‍കി വോട്ടുപിടിച്ചെന്നും ആരോപണമുണ്ടായി. മറുവശത്ത് സംഘടനയില്ലാത്ത കോണ്‍ഗ്രസ് പരാജയം ഇരന്നുവാങ്ങി.

 



deshabhimani section

Related News

View More
0 comments
Sort by

Home