കശ്മീരിൽ ജനവിധി അട്ടിമറിക്കാൻ ബി ജെ പി; അഞ്ച് അംഗങ്ങളെ നേരിട്ട് നാമനിർദ്ദേശം ചെയ്യാൻ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 12:46 PM | 0 min read


ശ്രീനഗർ>  ജമ്മു കശ്മീരിൽ തൂക്കു മന്ത്രസഭയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതോടെ നാമനിർദേശാധികാരം ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാൻ ബി ജെ പി നീക്കം. സർക്കാർ രൂപീകരണത്തിന് മുൻപ് നിയമസഭയിലേക്ക് ലെഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹ മുഖേന അഞ്ച് അംഗങ്ങളെ നാമനിർദ്ദേശത്തിലൂടെ സഭയിൽ അവരോധിക്കാനാണ് ശ്രമം.

പത്തു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത്തവണ ഇന്ത്യാ മുന്നണിക്ക് മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നു.

 

സർക്കാർ രൂപീകരണത്തിന് മുമ്പ് ലെഫ്റ്റനന്റ് ഗവർണർ അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്യാൻ പോകുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ കടുത്ത ആശങ്കയുണർത്തുന്നതാണ്'- ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെ കെ പി സി.സി) വൈസ് പ്രസിഡൻന്റ് രവീന്ദർ ശർമ്മ പറഞ്ഞു.

 

കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ഭൂരിപക്ഷം നേടുകയാണെങ്കിൽ അഞ്ച് അംഗങ്ങളെ നിയോഗിക്കാനുള്ള അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി ജെ പി ശ്രമം തുടങ്ങിയിട്ടുള്ളത്. നാമനിർദ്ദേശ അധികാരം ജനാധിപത്യപരമായി പുതിയ സർക്കാരിന് ലഭിക്കേണ്ടതാണ്.

അഞ്ച് എം.എൽ.എ.മാരുടെ നാമനിർദ്ദേശം 2019-ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏർപ്പെടുത്തിയതാണ്. ഇത് പ്രകാരം നിയമസഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം പര്യാപ്തമല്ലെന്ന് വന്നാൽ രണ്ട് അംഗങ്ങളെ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദേശം ചെയ്യാം. 2023ലെ ഭേദഗതിയിലൂടെ മൂന്ന് അംഗങ്ങളെക്കൂടി നാമനിർദേശം ചെയ്യാനുള്ള അധികാരം ഉറപ്പിച്ച് വെച്ചിരുന്നു.

 

90 അംഗ നിയമസഭയിൽ അഞ്ചുപേർ കൂടിയെത്തുന്നതോടെ അംഗബലം 95 ആകും. കേവല ഭൂരിപക്ഷത്തിന് 48 സീറ്റുകളാണ് വേണ്ടത്. ജനവിധിയിലൂടെ 43 സീറ്റുകളിൽ വിജയിച്ചാൽപ്പോലും അഞ്ച് അഗങ്ങളിലൂടെ ജനവിധി അട്ടിമറിച്ച് ബിജെപിക്ക് കേവലഭൂരിപക്ഷം നേടാനാകും.

 

ഗവർണർ പദവിയിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ തിടുക്കം

 

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണറിലൂടെ ബിജെപി നടത്തുന്നതെന്ന് ഇന്ത്യാസഖ്യവും പിഡിപിയും പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കാനുള്ള നീക്കവും ഇവർ നടത്തുന്നുണ്ട്.

 ജമ്മു കശ്മീരിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് മുൻതൂക്കം പ്രവചിക്കുമ്പോഴും തൂക്ക്സഭയ്ക്കുള്ള സാധ്യതയും ചില എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപിക്ക് അഞ്ച് അംഗങ്ങളുടെ മുൻതൂക്കം ലഭിച്ചാൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യത്തിന് കടുത്ത തിരിച്ചടിയാകും.

 

ജമ്മു കശ്മീരിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ബി.ജെ.പി 20 മുതൽ 25 സീറ്റുവരെ നേടുമെന്നും പിഡിപി നാല് മുതൽ ഏഴ് വരെ സീറ്റുകളും മറ്റുള്ളവർ 12 മുതൽ 18 സീറ്റ് വരെ നേടുമെന്നും ഫലം പ്രവചിക്കുന്നു.

പീപ്പിൾ പ്ലസിന്റെ കണക്കുകൾ പ്രകാരം കോൺഗ്രസ് സഖ്യം 46 മുതൽ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതൽ 27 സീറ്റുകൾ വരേയും പി.ഡി.പി. ഏഴ് മുതൽ 11 സീറ്റ് വരേയും മറ്റുള്ളവർ നാല് മുതൽ 10 സീറ്റുകൾ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടർ പ്രവചനം അനുസരിച്ച് കോൺഗ്രസ് സഖ്യം 40 മുതൽ 48 സീറ്റുകൾ നേടും. ബി.ജെ.പി 27 മുതൽ 32 സീറ്റുകൾ വരേയും പി.ഡി.പി ആറ് മുതൽ 12 സീറ്റുകൾ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവർക്ക് ആറ് മുതൽ 11 വരെ സീറ്റുകളും സീ വോട്ടർ പ്രവചിക്കുന്നു.

 

നിയമസഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം പര്യപ്തമല്ലെന്ന് തോന്നിയാൽ രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം എന്ന ഉപാധിയാണ് 2019 ലെ പുനസംഘടനാ ഭേദഗതിയിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് കശ്മീരി പണ്ഡിറ്റുകൾ, പാക് അധീനിവേശ കശ്മീരിൽ നിന്നും പലായനം ചെയ്ത ഒരാൾ എന്ന് കൂട്ടിച്ചേർത്ത് അഞ്ച് പേർ എന്ന് മാറ്റുകയാണ് ഉണ്ടായത്. പണ്ഡിറ്റുകളിൽ ഒരാൾ വനിതയായിരിക്കണം എന്നും ചേർത്തു.

പുതുച്ചേരി മാതൃക പറഞ്ഞാണ് ഇതിന് പിന്തുണ നേടിയത്. പുതുച്ചേരി നിയമസഭയുടെ ആകെ അംഗബലം 33 ആണ്. ഇതിൽ മൂന്നു പേർ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരാണ്. ഇവർക്ക് അവിശ്വാസ പ്രമേയത്തിലും ബജറ്റ് വേളയിലും എല്ലാം സാധാരണ ജനവിധി തേടി എത്തിയവരുടെ മാതൃകയിൽ വോട്ടവകാശം ഉണ്ട്. രാഷ്ട്രപതി തെരഞ്ഞടുപ്പിൽ മാത്രമാണ് വോട്ട് ഇല്ലാത്തത്.

 



deshabhimani section

Related News

View More
0 comments
Sort by

Home