തിരുപ്പതി ലഡു വിവാദം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 05:22 PM | 0 min read

ന്യൂഡൽഹി > തിരുപ്പതി ലഡു വിവാദത്തിൽ ഹർജികളിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി സുപ്രീംകോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളടക്കം നാളെ പരി​ഗണിക്കും. ജസ്റ്റിസ് ബി ആർ ​ഗവായിയുടെ നേതൃത്ത്വത്തിലുള്ള ബഞ്ചാണ് നാളെ ഹർജികൾ പരി​ഗണിക്കുന്നത്.

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ്‌ ഉപയോഗിച്ചെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ പ്രസാദം തയ്യാറാക്കാൻ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെന്റ്‌ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വൈഎസ്‌ആർ സർക്കാർ ക്ഷേത്രത്തിന്റെ പവിത്രത തകർത്തുവെന്നും നായിഡു ആരോപിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച്‌ ക്ഷേത്രം ട്രസ്‌റ്റും രം​ഗത്തെത്തിയിരുന്നു. സാമ്പിളുകൾ ലാബുകളിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പ്‌ കണ്ടെത്തിയതായും ക്ഷേത്രത്തിൽ പരിശോധനാ സൗകര്യങ്ങളില്ലാത്തതാണ് നെയ്‌ വിതരണക്കാർ മുതലെടുത്തതെന്നും തിരുമല തിരുപ്പതി ദേവസ്‌ഥാനം എക്‌സിക്യൂട്ടീവ്‌ ഓഫീസർ ശ്യാമള റാവു പറഞ്ഞു. ലാബ്‌ റിപ്പോർട്ടുകൾ എതിരായപ്പോൾ വിതരണം നിർത്തി. കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താൻ നടപടികൾ തുടങ്ങിയതായും ശ്യാമള റാവു പറഞ്ഞിരുന്നു.

എന്നാൽ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിച്ചെന്ന ആരോപണം കരാർ കമ്പനി തള്ളി. ക്ഷേത്രത്തിനായി നൽകിയത് നിലവാരം കുറഞ്ഞ നെയ്യല്ലെന്നും സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തമിഴ്നാട്ടിലെ ദിണ്ടിഗലിലെ എ ആർ ഡയറി അറിയിച്ചു.

തന്റെ സർക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ജഗൻമോഹൻ റെഡ്ഡിയും പ്രതികരിച്ചു. വിഷയത്തിൽ നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയിരുന്നു. സെപ്തംബർ 30ന് ഹർജി പരി​ഗണിച്ച സുപ്രീംകോടതി ദൈവങ്ങളെ രാഷ്ട്രീയപ്പോരിൽ നിന്ന് അകറ്റി നിർത്തണമെന്ന് വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home