കോയമ്പത്തൂർ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന; നടപടി ഹൈക്കോടതിയുടെ നിർദേശ പ്രകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 05:03 PM | 0 min read

കോയമ്പത്തൂർ >  സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. തന്റെ രണ്ട് പെൺമക്കൾ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശി പ്രൊഫസർ കാമരാജിന്റെ പരാതിയിലാണ് പരിശോധന. ഇഷ ഫൗണ്ടേഷൻ ഉൾപ്പെട്ട കേസുകളിലെ നടപടികൾ അറിയിക്കാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു.

കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിൽ സദ്ഗുരു ജഗ്ഗി വാസുദേവിനെ തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു.

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള കാമരാജിന്റെ രണ്ട് പെണ്മക്കളും ഇഷ ഫൗണ്ടേഷനിലാണ് കഴിയുന്നത്. ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തിൽ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് ലൗകിക ജീവിതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയാണെന്ന സാഹചര്യവും ചൂണ്ടികാട്ടി. തിങ്കളാഴ്ച കോടതിയിൽ ഹാജരായ രണ്ടു മക്കളും, തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനിൽ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും മൊഴി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home