ദൈവങ്ങളെ 
വെറുതെ വിടണം ; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 05:30 PM | 0 min read


ന്യൂഡൽഹി
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യാണ്‌ ഉപയോ​ഗിച്ചതെന്ന് പ്രസ്‌താവിച്ച്‌ സാഹചര്യം വഷളാക്കിയ ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. "ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന്‌ അകറ്റിനിർത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. ലഡുവിൽ മൃഗക്കൊഴുപ്പ്‌ ചേർത്തെന്ന ആരോപണം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചിട്ടില്ല. കോടിക്കണക്കിന്‌ ജനങ്ങളുടെ വികാരത്തെ ബാധിക്കുന്നതും അന്വേഷണത്തിലുള്ളതുമായ വിഷയത്തിൽ മുഖ്യമന്ത്രി തിടുക്കപ്പെട്ട്‌  പ്രസ്‌താവന നടത്തിയത്‌ ഉചിതമായില്ല'--ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ വിമർശിച്ചു. വ്യാഴാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും.

മായമുള്ള നെയ്യ്‌ ലഡു ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടില്ലെന്നാണ്‌  ലാബിന്റെ പ്രാഥമിക റിപ്പോർട്ട്‌. എസ്‌ഐടി അന്വേഷണത്തിന്‌ ഉത്തരവിട്ട ശേഷം അനാവശ്യ  പ്രസ്‌താവന നടത്തേണ്ട കാര്യമെന്താണെന്ന്‌ ജസ്റ്റിസ്‌ കെ വി വിശ്വനാഥൻ ആരാഞ്ഞു. ഉന്നത ഭരണഘടനാ പദവി വഹിക്കുന്നവർ സൂക്ഷ്‌മത പുലർത്തണമെന്ന്‌ ജസ്റ്റിസ്‌ ഭൂഷൺ ആർ ഗവായ് പറഞ്ഞു.

കേന്ദ്രഏജൻസികളുടെ അന്വേഷണം ആവശ്യമോ എന്ന കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കാൻ കേന്ദ്രത്തിന്‌ നിർദേശം നൽകി. സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്ക്‌ ആന്ധ്രാപ്രദേശ്‌ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗിക്കും തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു (ടിടിഡി) വേണ്ടി ഹാജരായ സിദ്ധാർഥ്‌ ലൂത്രയ്‌ക്കും ഉത്തരമുണ്ടായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ മാത്രം പറഞ്ഞ  അഭിഭാഷകരോട്‌  സർക്കാരും മുഖ്യമന്ത്രിയും അനാവശ്യ പ്രസ്‌താവന നൽകി രംഗം വഷളാക്കുന്നത്‌ എന്തിനെന്ന്‌ കോടതി  ആവർത്തിച്ചു.

ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന്റെ കാലത്ത്‌ തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ്‌ ഉപയോഗിച്ചെന്ന നായിഡുവിന്റെ പ്രസ്‌താവനയാണ്‌  വിവാദകാരണം. എന്നാൽ, ടിടിഡി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ ആരോപണം നിഷേധിച്ചു. തുടർന്ന്‌ സ്വതന്ത്രഅന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രസാദം ഉണ്ടാക്കലിലും  വിതരണത്തിലും മറ്റും നിയന്ത്രണം ആവശ്യപ്പെട്ടും പലരും  സുപ്രീംകോടതിയെ സമീപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home