യെച്ചൂരി , അപരന്റെ വാക്കുകൾക്ക്‌ കാതോർത്ത മനുഷ്യൻ : രാഹുൽ ഗാന്ധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 12:08 AM | 0 min read


ന്യൂഡൽഹി
മറ്റുള്ളവരുടെ വാക്കുകൾക്ക്‌ കാതോർക്കുകയും അവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കുകയും ചെയ്‌ത മഹാനായ മനുഷ്യനായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റി ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പ്രത്യയശാസ്‌ത്രത്തിൽ അടിയുറച്ച്‌ നിൽക്കുമ്പോഴും എതിർപക്ഷത്തുള്ളവരുടെ ചിന്തകളും വികാരങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹവുമായി സംസാരിക്കുമ്പോൾ അദ്ദേഹം എവിടെനിന്നാണ്‌ വരുന്നതെന്നും നമ്മൾ എവിടെയാണെന്നും കൃത്യമായ ധാരണയുണ്ടാകും. ഒരു വ്യക്തിയുടെ സ്വഭാവത്തിലെ ഏറ്റവും നല്ല ഗുണങ്ങൾ കടഞ്ഞെടുത്തതിന്റെ ഉദാഹരണമായിരുന്നു അദ്ദേഹം.

ഇന്ത്യാ കൂട്ടായ്‌മയുടെ മുഖ്യശിൽപ്പികളിൽ ഒരാളായിരുന്ന യെച്ചൂരി വിവിധ പാർടികൾക്കിടയിലെ പാലമായി നിലകൊണ്ടു. എന്റെ അമ്മയ്‌ക്കായിരുന്നു അദ്ദേഹവുമായി എന്നേക്കാൾ കൂടുതൽ ചങ്ങാത്തം. കുറച്ചുദിവസംമുമ്പ്‌ അദ്ദേഹം എന്റെ അമ്മയെ കാണാൻ വന്നിരുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം വല്ലാതെ ചുമയ്‌ക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടു. ഞാൻ പറഞ്ഞു–- ‘യെച്ചൂരി ജീ താങ്കൾ ഉടനെ ആശുപത്രിയിൽ പോകണം’. എന്നാൽ, അദ്ദേഹം അത്‌ ചിരിച്ചുതള്ളാൻ ശ്രമിച്ചു.  അദ്ദേഹം മടങ്ങുമ്പോൾ ഞാൻ വീണ്ടും മെസേജ്‌ അയച്ചു–- ‘കാർ നേരെ ആശുപത്രിയിലേക്ക്‌ വിടണം’. അദ്ദേഹം അപ്പോഴും മടികാണിച്ചു.

പിന്നീട്‌ അദ്ദേഹം ആശുപത്രിയിൽ പോകാൻ സമ്മതിച്ചു. ആശുപത്രിയിൽനിന്നും അദ്ദേഹം മടങ്ങുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷേ, ആ പ്രതീക്ഷ യാഥാർഥ്യമായില്ല.  അദ്ദേഹം യാത്രയായശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്‌ ഒരനുശോചനസന്ദേശം എഴുതാൻ ശ്രമിച്ചപ്പോൾ വാക്കുകൾ കിട്ടിയില്ല. പലവട്ടം മാറ്റി മാറ്റി എഴുതി അവസാനം എങ്ങനെയോ ഒരു സന്ദേശം എഴുതിയുണ്ടാക്കി. ‘യെച്ചൂരി ജി നമുക്ക്‌ എപ്പോഴും വിശ്വസിക്കാവുന്ന, ഒരു സമ്മർദ്ദത്തിനും കീഴടങ്ങാത്ത ഒരാളായിരുന്നു. അദ്ദേഹം പ്രവർത്തിച്ചതെല്ലാം ഇന്ത്യയുടെ നന്മയ്‌ക്ക്‌ വേണ്ടിയായിരുന്നു’–- അതായിരുന്നു ആ സന്ദേശം.



deshabhimani section

Related News

View More
0 comments
Sort by

Home