ബംഗളൂരുവിലെ ഗ്രാമത്തെ പാകിസ്ഥാനോട് ഉപമിച്ചു; ഹൈക്കോടതി ജഡ്‌ജിക്കെതിരെ കേസെടുത്ത്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 01:07 PM | 0 min read

ന്യൂഡൽഹി > കർണാടക ഹൈക്കോടതി ജഡ്‌ജിക്കെതിരെ സ്വമേധയാ കേസെടുത്ത്‌ സുപ്രീംകോടതി. ബംഗളൂരുവലെ മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശത്തെ പാകിസ്ഥാനോട് ഉപമിച്ചതിനാലാണ്‌ കർണാടക ഹൈക്കോടതി ജഡ്‌ജി വേദവ്യാസാചാര്‍ ശ്രീശാനന്ദയ്‌ക്കെതിരെ സുപ്രീംകോടതി കേസെടുത്തത്‌. കേസിൽ കർണാടക ഹൈക്കോടതിയോട്‌ സുപ്രീംകോടതി റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിേെന്റതാണ്‌ തീരുമാനം.

ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ആണ് വിവാദത്തിന് അടിസ്ഥാനം. വീഡിയോ ക്ലിപ്പുകൾ സുപ്രീംകോടതി പരിശോധിച്ചിട്ടുണ്ട്‌. പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെയാണ്‌ ജഡ്‌ജ്‌ പാകിസ്ഥാനായി ഉപമിച്ചത്‌. കേസ്‌ സെപ്‌തംബർ 26ന്‌ വീണ്ടും പരിഗണിക്കും.

‘മൈസൂരു റോഡ് മേല്‍പ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്ഥാനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും’- ഇങ്ങനെയായിരുന്നു ജഡ്‌ജിന്റെ വിവാദ പരാമർശം.

മറ്റൊരു ഘട്ടത്തിൽ ഒരു വനിതാ അഭിഭാഷകയൊട്‌ വേദവ്യാസാചാര്‍ ശ്രീശാനന്ദ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഒരാളോട്‌ നികുതി അടയ്‌ക്കുന്നുണ്ടോ എന്ന്‌ ജഡ്‌ജി ചോദിക്കുകയുണ്ടായി, ഇതിന്‌ മറുപടിയായി വനിതാ അഭിഭാഷക ഉണ്ട്‌ എന്ന്‌ ഇടയ്‌ക്ക്‌ കയറി പറയുകയും ചെയ്തു. ഈ മറുപടി ഇഷ്‌ടപ്പെടാതിരുന്ന ജഡ്‌ജ്‌ വനിത അഭിഭാഷകയോട്‌ തിരിച്ച്‌ ചോദിച്ചത്‌  ‘നിങ്ങള്‍ക്ക് അയാളെ കുറിച്ച് എല്ലാം അറിയാമല്ലോ, അയാള്‍ ഏത് നിറമുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് നാളെ രാവിലെ നിങ്ങള്‍ പറയുമല്ലോ’ എന്നായിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home