പന്നു വധശ്രമക്കേസ്‌ ; കേന്ദ്രത്തിനും അജിത്‌ ഡോവലിനും യുഎസ് കോടതിയുടെ സമൻസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 11:29 PM | 0 min read


ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഗുർപത്‌വന്ത്‌ സിങ്‌ പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രസർക്കാരിനും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവൽ ഉൾപ്പെടെയുള്ളവർക്കും അമേരിക്കൻ കോടതിയുടെ സമൻസ്‌. ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ നടപടി. 21 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട്‌ ന്യൂയോർക്കിലെ തെക്കൻ ജില്ലാ ഫെഡറൽ കോടതിയാണ്‌ സമൻസ്‌ പുറപ്പെടുവിച്ചത്‌. ചൊവ്വാഴ്‌ചയാണ്‌ പന്നു കേസ്‌ നൽകിയത്‌. കേന്ദ്ര സർക്കാർ, അജിത്‌ ഡോവൽ, റോ മുൻ മേധാവി സാമന്ത് ഗോയൽ, മുതിർന്ന ഉദ്യോഗസ്ഥൻ വിക്രമം യാദവ്‌, ന്യൂയോർക്കിൽ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്‌ത തുടങ്ങിയർക്കെതിരെയാണ്‌ പരാതി.

കഴിഞ്ഞവർഷം നവംബറിൽ അമേരിക്ക പരാജയപ്പെടുത്തിയ കൊലപാതക നീക്കത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അറിവുണ്ടായിരുന്നുവെന്ന്‌ പന്നുവിന്റെ പരാതിയിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നയതന്ത്ര പരിരക്ഷയുള്ളതിനാൽ മോദിയുടെ പേര്‌ പരാതിയിലില്ല. തന്നെ വധിക്കാൻ ആളെ ഏർപ്പാട്‌ ചെയ്യാൻ നിഖിൽ ഗുപ്‌തയ്‌ക്ക്‌ അനുമതി നൽകിയത്‌ ഡോവലും സാമന്ത് ഗോയലും ചേർന്നാണെന്നും പന്നുവിന്റെ പരാതിയിലുണ്ട്.  പുതിയ ഇന്ത്യ ശത്രുക്കളുടെ ഭവനങ്ങളിൽ പ്രവേശിച്ച് അവരെ കൊല്ലുമെന്ന്‌ ഏപ്രിലിൽ മോദി നടത്തിയ പ്രസംഗവും പരാതിയിൽ പന്നു ഉദ്ധരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‌ തൊട്ടുമുമ്പ്‌ അമേരിക്കൻ കോടതി സമൻസ്‌ പുറപ്പെടുവിച്ചത്‌ വലിയ ക്ഷീണമായതോടെ ശക്തമായ പ്രതികരണവുമായി കേന്ദ്ര വിദേശമന്ത്രാലയം രംഗത്തെത്തി. വസ്‌തുതാവിരുദ്ധവും ആധികാരികത ഇല്ലാത്തതുമായ ആരോപണമാണിതെന്ന്‌ വിദേശ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇരു രാഷ്‌ട്രങ്ങൾക്കും ആശങ്കയുള്ള വിഷയങ്ങളിൽ ചർച്ചയാകാമെന്നാണ്‌ ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home