ഹിന്ദു വിവാഹം വെറുമൊരു കരാറല്ല;ഒരിക്കലും വേർപിരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 10:01 PM | 0 min read

ലഖ്നൗ > ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹബന്ധങ്ങളെ വെറുമൊരു കരാറായി കണക്കാക്കി ഒരിക്കലും വേർപിരിക്കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്, ദോനതി രമേഷ് എന്നിവരുടെ നിരീക്ഷണം.

ഹിന്ദു വിവാഹങ്ങള്‍ പവിത്രമായ ബന്ധമാണ്. അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ വിവാഹ ബന്ധം വേർപെടുത്താൻ സാധിക്കുകയുള്ളൂ. അതും ഇരുകൂട്ടരും മുന്നോട്ടു പോകാൻ സാധിക്കില്ല എന്നതിന്റെ വ്യക്തമായ തെളിവു സഹിതം വന്നാല്‍ മാത്രമെന്നും കോടതി. അന്തിമ ഉത്തരവ് വരുന്നത് വരെ പരസ്പര സമ്മതമുണ്ടെങ്കില്‍ മാത്രമേ വിവാഹമോചനം അനുവദിക്കാൻ കോടതിക്ക് സാധിക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു.

എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ഏതെങ്കിലും ഒരു കക്ഷി പിൻമാറുകയാണെങ്കില്‍ ആദ്യം സമ്മതിച്ചുവെന്നത് കണക്കിലെടുത്ത് വിവാഹമോചനം അനുവദിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് നീതിയെ പരിഹസിക്കലാണ്. ഭർത്താവ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിച്ച ബുലന്ദ്ഷഹർ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ 2011ലെ വിധി ചോദ്യം ചെയ്താണ് യുവതി ഹരജി നല്‍കിയത്.

2006ലാണ് ​ദമ്പതികൾ വിവാഹിതരായത്. എന്നാല്‍ 2007ല്‍ യുവതി ഭർത്താവിനെ ഉപേക്ഷിച്ചു. 2008ല്‍ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. വേർ പിരിഞ്ഞു ജീവിക്കാൻ ആദ്യം ഭാര്യ സമ്മതിച്ചു. നടപടിക്രമങ്ങള്‍ക്കിടയില്‍ യുവതി നിലപാട് മാറ്റി. വിവാഹ മോചനം വേണ്ടെന്ന് തീർത്തുപറഞ്ഞു. ഒടുവില്‍ ​ദമ്പതികൾ വീണ്ടും അനുരഞ്ജനത്തിലെത്തി. ഒരുമിച്ച്‌ ജീവിക്കാനും തുടങ്ങി. രണ്ട് കുട്ടികള്‍ ജനിച്ചു. എന്നാല്‍ മുൻപത്തെ മൊഴി കണക്കിലെടുത്ത് വിവാഹമോചനം അനുവദിച്ചു. ഈ ഹരജിക്കെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ രണ്ടുകക്ഷികള്‍ക്കും സമ്മതം വേണമെന്ന് പറഞ്ഞുകൊണ്ട് ജില്ലാ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home