ഒരു കാലം മായുന്നു; യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ജിലെ വസതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 10:54 PM | 0 min read

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ജിലെ വസതിയിൽ എത്തിച്ചു."ഇത് സീതാറാമിന്റെ ജെഎൻയു"എന്ന മുദ്രാവാക്യത്തോടെ അന്ത്യാഭിവാദ്യം അർപ്പിച്ചാണ്‌ ജെഎൻയുവിന്റെ മണ്ണ്‌ തങ്ങളുടെ പ്രിയനേതാവിനെ യാത്രയാക്കിയത്‌. ജെഎൻയുവിലൂടെയായിരുന്നു യെച്ചൂരി ഇന്ത്യൻ രാഷ്ട്രീയത്തിലേയ്ക്ക്‌ ചുവടുവെച്ചത്‌.

കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പാർടി സെക്രട്ടറി എം വി ഗോവിന്ദൻ യെച്ചൂരിയ്ക്ക്‌ അന്തിമോപചാരം അർപ്പിക്കുന്നു

ഇന്ന്‌ രാത്രി മുഴുവൻ വസന്ത് കുഞ്ജിലെ വസതിയിൽ യെച്ചൂരി ശരീരം സൂക്ഷിക്കും. ശനിയാഴ്ച രാവിലെ പത്തു മണിയോടെ പാർടി കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേയ്ക്ക് കൊണ്ടുവരും. കഴിഞ്ഞ മുപ്പത് വർഷമായി യെച്ചൂരിയുടെ ഓഫീസ് പ്രവർത്തിച്ചത് ഇവിടെയായിരുന്നു. ശനിയാഴ്ച പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി എയിംസിലെത്തിച്ച് വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറും.

വൈകിട്ട് നാലേകാലോടെയാണ് യെച്ചൂരിയുടെ മൃതദേഹം ജെഎൻയുവിൽ എത്തിച്ചത്. സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ ജെഎൻയുവിലെ പുതിയ തലമുറയും പൂർവ വിദ്യാർഥികളും യെച്ചൂരിയുടെ സഹപാഠികളും രാഷ്ട്രീയനേതാക്കളും അന്തിമോപചാരം അർപ്പിച്ചു.

പുസ്തകങ്ങള്‍ക്ക് 
നടുവില്‍ 
യെച്ചൂരി
വസന്ത്കുഞ്ജ്  ഡിഡിഎ ഫ്ലാറ്റ്  സീതാസീമയിലെ സ്വീകരണമുറി. സീതാറാം യെച്ചൂരിയുടെയും ഭാര്യ സീമ ചിഷ്തിയുടെയും സാമൂഹ്യ രാഷ്ട്രീയ ബോധത്തിന്റെയും ലളിത ജീവിതത്തിന്റെയും സാക്ഷ്യപത്രം. ഏറിയ സ്ഥലത്തും പുസ്തകങ്ങളാണ്. ലോകമെമ്പാടുനിന്നും യെച്ചൂരി കൊണ്ടുവന്ന ചെറു കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. ചുവരിൽ ‘അന്ധാസ്' എന്ന പഴയ ഹിന്ദി സിനിമയുടെ പോസ്റ്റർ. ഹൗസ്ഖാസ് മാർക്കറ്റിൽനിന്ന് സീമ വാങ്ങിയതാണ് ഈ പോസ്റ്റർ. ഇവിടെയാണ് യെച്ചൂരിയുടെ മൃതദേഹം അന്ത്യാഞ്ജലി അർപ്പിക്കാനായി കിടത്തിയത്. മുറി സരളമായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home