പള്ളികൾ പിടിച്ചെടുക്കൽ ചർച്ചയാക്കി വിഎച്ച്പി യോഗം ; പങ്കെടുത്ത് കേന്ദ്രമന്ത്രിയും മുൻ ജഡ്‌ജിമാരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 11:45 PM | 0 min read


ന്യൂഡൽഹി
വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിലും മഥുര ഷാഹി ഈദ്‌ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന കേസുകളും കേന്ദ്രത്തിന്റെ വഖഫ്‌ ഭേദഗതി ബില്ലും ചർച്ച ചെയ്യാൻ വിഎച്ച്‌പി വിളിച്ച യോഗത്തിൽ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളും വിരമിച്ച 30ഓളം ജഡ്‌ജിമാരും പങ്കെടുത്തു. സുപ്രീംകോടതിയിൽനിന്നും ഹൈക്കോടതികളിൽനിന്നും വിരമിച്ച ജഡ്‌ജിമാരാണ്‌ പങ്കെടുത്തത്‌. "ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കൽ', മതംമാറ്റം, ഗോഹത്യ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്‌തെന്ന്‌ വിഎച്ച്‌പി പ്രസിഡന്റ്‌ അലോക്‌ കുമാർ പറഞ്ഞു. വിഎച്ച്‌പിയുടെ നിയമവിഭാഗമാണ്‌ യോഗം സംഘടിപ്പിച്ചത്‌.

മുതിർന്ന വിഎച്ച്‌പി നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതിന്റെ ദൃശ്യം മന്ത്രി മേഘ്‌വാൾ കഴിഞ്ഞദിവസം എക്‌സിൽ പോസ്റ്റ്‌ ചെയ്‌തു. നീതിന്യായ മേഖലയിലെ പരിഷ്‌കാരം ചർച്ച ചെയ്‌ത യോഗത്തിൽ മുൻ ജഡ്‌ജിമാരും നിയമജ്ഞരും പങ്കെടുത്തതായും മന്ത്രി അറിയിച്ചു. ഇതിനു പിന്നാലെയാണ്‌ യോഗത്തിന്റെ യഥാര്‍ഥ  ലക്ഷ്യം വിഎച്ച്‌പി വെളിപ്പെടുത്തിയത്‌.  ജ്ഞാൻവാപി പള്ളിയിലും  ഷാഹി ഈദ്‌ഗാഹിലും അവകാശവാദം ഉന്നയിച്ച്‌ സംഘപരിവാർ അനുകൂലികൾ നൽകിയ കേസുകൾ നടന്നുവരികയാണ്‌. ചില സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമങ്ങൾക്കെതിരെ ഹൈക്കോടതികളിൽ അപ്പീൽ നിലവിലുണ്ട്‌. വഖഫ്‌ നിയമ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന്‌ ജെപിസിക്ക്‌ വിട്ടു. എൻഡിഎ ഘടകകക്ഷികളും ബില്ലിനെ എതിർക്കുന്നു. ഈ പ്രതിസന്ധികൾ നേരിടാനാണ്‌ ശ്രമമെന്നും ആദ്യമായാണ്‌ ഇത്തരം യോഗം വിളിച്ചതെന്നും വിഎച്ച്‌പി വക്താവ്‌ വിനോദ്‌ ബൻസാൽ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home