മണിപ്പുരിൽ തെരുവുയുദ്ധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 01:32 AM | 0 min read

ന്യൂഡൽഹി > ആഭ്യന്തര യുദ്ധത്തിലേക്ക്‌ വഴുതിയ മണിപ്പുരിൽ വ്യാപക ഏറ്റുമുട്ടലും തെരുവുയുദ്ധവും. ഇംഫാലിൽ സ്‌കൂൾ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെ ബാബുപാരയിലെ ബംഗ്ലാവിലേയ്‌ക്ക്‌ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു. രൂക്ഷമായ കല്ലേറുമുണ്ടായി. ഇവരെ സുരക്ഷാസേന ശക്തമായി നേരിട്ടതോടെ സംഘർഷമുണ്ടായി. രാജ്‌ഭവന്‌ നേരെയും കല്ലേറും ആക്രമണവുമുണ്ടായി. കല്ലേറ്‌ രൂക്ഷമായതോടെ സിആർപിഎഫ്‌ വാഹനവ്യൂഹത്തിന്‌ പിന്മാറേണ്ടിവന്നു. തുടർന്ന്‌, സുരക്ഷാസേന ഗ്രനേഡും കണ്ണീർവാതവും പ്രയോഗിച്ചു. 30 പേർക്ക്‌ പരിക്കേറ്റു. തൗബൽ ജില്ലയിലെ ഡെപ്യൂട്ടി കമീഷണർ ഓഫീസിന്റ കവാടത്തിൽ സ്ഥാപിച്ച ദേശീയ പതാക മാറ്റി വിദ്യാർഥികൾ മെയ്‌ത്തി പതാക ഉയർത്തി. സംഘർഷം ഉടൻ അവസാനിപ്പിക്കുക, ഏകീകൃത കമാൻഡ്‌ സംസ്ഥാനത്തിന്‌ കൈമാറുക, ഡിജിപിയെയും സുരക്ഷ ഉപദേഷ്‌ടാവിനെയും പുറത്താക്കുക, കേന്ദ്രസേനയെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

വിമുക്ത ഭടനെ 
അടിച്ചുകൊന്നു

കുക്കി–- മെയ്‌ത്തി പ്രദേശങ്ങൾക്കിടയിലുള്ള നിയന്ത്രിത മേഖല (ബഫർസോൺ) അബദ്ധത്തിൽ മറികടന്ന വിമുക്ത ഭടനെ അക്രമികൾ അടിച്ചുകൊന്നു. ഞായർ രാത്രി കാറിൽ സഞ്ചരിക്കവെയാണ്‌ അസം റെജിമെന്റിൽ സുബേദാറായിരുന്ന ലിംഖോലാൽ മേറ്റ്‌ കൊല്ലപ്പെട്ടത്‌. കുക്കി വംശജനാണ്‌. കാങ്‌പോക്‌പി ജില്ലയിലെ മോട്ട്‌ബംഗി ഗ്രാമത്തിൽ നിന്നുള്ള ഇദ്ദേഹം ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി പ്രദേശത്താണ്‌ അബദ്ധത്തിൽ പ്രവേശിച്ചത്‌. ലിംഖോലാൽ ആൾക്കൂട്ട ആക്രമണത്തിന്‌ ഇരയായെന്നും  മൃതദേഹം തിങ്കൾ ഉച്ചയോടെ റോഡരികിൽ കണ്ടെത്തിയെന്നും സുരക്ഷാസേന അറിയിച്ചു.

സെപ്‌റ്റംബർ ഒന്നിന്‌ ശേഷം ഇതുവരെ 11പേർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തടയാൻ രൂപീകരിച്ച ബഫർ സോണുകളുടെ നിയന്ത്രണം കേന്ദ്രസേനയ്‌ക്കും അസംറൈഫിൾസിനുമാണ്‌. അതിനിടെ ഞായർ രാത്രി കാങ്‌പോപ്പി ജില്ലയിലെ തങ്‌ബുഫ്‌ ഗ്രാമത്തിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തിൽ കുക്കി സ്‌ത്രീ കൊല്ലപ്പെട്ടതായി കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home