ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചു; അറസ്റ്റിലായ മോട്ടിവേഷണൽ സ്‌പീക്കർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 07:02 PM | 0 min read

ചെന്നൈ > സ്‌കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത്‌ വിവാദ പരാമർശങ്ങൾ നടത്തിയതിന്‌ ചെന്നൈയിൽ അറസ്റ്റിലായ മോട്ടിവേഷണൽ സ്‌പീക്കർ മഹാവിഷ്‌ണു ജുഡീഷ്യൽ കസ്റ്റഡിയിൽ. ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച്‌ സംസാരിച്ചതുൾപ്പെടെ നിരവധി വിവാദ പരാമർശങ്ങളാണ്‌ മഹാവിഷ്‌ണുവിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. സെപ്‌തംബർ ഏഴ്‌, ശനിയാഴ്‌ചയാണ്‌ ഓസ്‌ട്രേലിയയിലേക്ക്‌ പോകാനൊരുങ്ങിയ മഹാവിഷ്‌ണുവിനെ  ചെന്നൈ പൊലിസാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

192, 196 (1) (a), 352, 353 (2) എന്നീ ഐപിസി വകുപ്പുകളും ഡിസേബിലിറ്റീസ്‌ ആക്‌ടിലെ 92–-ാം വകുപ്പും മഹാവിഷ്‌ണുവിനെതിരെ ചുമത്തിയതായാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌.

സെപതംബർ അഞ്ച്‌, അധ്യാപക ദിനത്തിൽ ചെന്നൈയിലെ സെയ്‌ദാപേട്ട് ഹൈസ്കൂൾ, അശോക് നഗർ ഗേൾസ് ഹൈസ്കൂൾ തുടങ്ങളിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളോട്‌ സംസാരിക്കുമ്പോഴായിരുന്നു മഹാവിഷ്‌ണുവിന്റെ വിവാദ പരാമർശം. ‘ദാരിദ്രത്തിനും അംഗവൈകല്യത്തിനും കാരണം മുജന്മത്തിൽ ചെയ്ത പാപമാണ്‌’ എന്നായിരുന്നു പരംപൊരുൾ ഫൗണ്ടേഷന്റെ ഉടമ കൂടിയായ മഹാവിഷ്‌ണുവിന്റെ പരാമർശം.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രാദായം ജാതി, ലിംഗ വ്യത്യാസങ്ങൾക്കനുസരിച്ച്‌ മാത്രമേ വിദ്യാഭ്യാസം നൽകിയിരുന്നൂള്ളൂ എന്ന്‌ പറഞ്ഞ മാഹാവിഷ്‌ണു, ഇതവസാനിപ്പിക്കാൻ കാരണമായ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തി. അഗ്നിമഴ പെയ്യിക്കാനും അസുഖങ്ങൾ ഭേദമാക്കാനും ഒരു മനുഷ്യനെ പറക്കാൻ പ്രാപ്തമാക്കാനും കഴിയുന്ന ശ്ലോകങ്ങൾ ഇവിടെ ഉണ്ടായിരുന്നെന്നും, ഇത്‌ ബ്രിട്ടീഷുകാർ മായ്‌ച്ച്‌ കളയുകയായിരുന്നുവെന്നും മഹാവിഷ്ണു അവകാശപ്പെട്ടു. മഹാവിഷ്‌ണുവിന്റെ ഈ പരാമർശങ്ങളെ ചൊദ്യം ചെയ്തെത്തിയ അധ്യാപകനോട്‌ ഇയാൾ മോശമായി പെരുമാറുകയും, ഇതിന്റെ വീഡിയോ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുകയും ചെയ്തു.

മഹാവിഷ്‌ണുവിന്റെ വിവാദ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കാഴ്‌ചപരിമിതിയുള്ളവരുടെ സംഘടന പരാതി കൊടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home