രാജ്യത്ത്‌ മങ്കി പോക്സ് സംശയത്തോടെ ഒരാൾ ചികിത്സയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 05:31 PM | 0 min read

ന്യൂഡൽഹി> രാജ്യത്ത് മങ്കി പോക്സ്(എം പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം പറഞ്ഞു. ഇയാളുടെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. എംപോക്‌സ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍ രാജ്യത്തു നിന്നും മടങ്ങിയെത്തിയ യുവാവിനാണ് രോഗബാധയുടെ ലക്ഷണം കണ്ടത്.

നിലവിൽ എംപോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി  ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. എംപോക്സിന്റെ വ്യാപന പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തര ശ്രദ്ധ വേണ്ട എംപോക്സിനെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്താണ്‌ മങ്കി പോക്സ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന രോഗമാണ് മങ്കി പോക്സ്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്സിന്‌ സാമ്യമുണ്ട്‌. 1958 ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്.

പകര്‍ച്ചാ രീതി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്കും, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും എംപോക്സ് പടരും. അണ്ണാന്‍, എലി വര്‍ഗത്തില്‍പെട്ട ജീവികളും കുരങ്ങുകളുമാണ്‌ രോഗവാഹകരാകാൻ സാധ്യതയുള്ളത്‌ എന്നാണ്‌ വിദഗ്ദർ പറയുന്നത്‌.  മങ്കി പോക്സ് വൈറസിനെ ശരീരത്തില്‍ സൂക്ഷിച്ച് വെക്കുകയും രോഗം പടര്‍ത്തുകയും ചെയ്യുന്ന ജീവികളെ കണ്ടെത്താനുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രോഗ ലക്ഷണങ്ങള്‍

മങ്കി പോക്സിന്റെ  ഇന്‍ക്യൂബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ് എന്നാല്‍ ചിലപ്പോൾ അഞ്ച് മുതല്‍ 21 ദിവസവുമാകാം. രണ്ട് മുതല്‍ നാല് ആഴ്ച്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. ഈ രോഗത്തിന്‌ മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, കഴലവീക്കം, നടുവേദന, ശക്തമായ തലവേദന, ഊര്‍ജക്കുറവ്, പേശി വേദന,  എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടും.  കൈകാലുകളിലും മുഖത്തുമാണ്‌ കൂടുതല്‍ കുമിളകള്‍ കാണപ്പെടുക.

രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷിഎന്നിവ അനുസരിച്ച്‌ രോഗത്തിന്റെ തീവ്രത കൂടും.  സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമായി കണ്ടുവരാറുള്ളത്.



പ്രതിരോധം മാര്‍ഗങ്ങള്‍

എം പോക്സിന്റെ രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ ഡോക്ടറുടെ സഹായം തേടുക.

രോഗകാരികളായികരുതുന്ന മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.

മാംസാഹാരം നല്ല പോലെ വേവിച്ച് മാത്രം കഴിക്കുക

മൃഗങ്ങളിൽ നിന്ന്‌ കടിയോ മാന്തലോ പോലുള്ള ആക്രമണങ്ങൾ നേരിട്ടാൽ സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയായി കഴുകുകയും വൈദ്യ സഹായം തേുകയും ചെയ്യുക.

അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പാള്‍ ശ്രദ്ധിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home