ആദ്യ സ്ഥാനാർത്ഥിപട്ടിക ; ഹരിയാന ബിജെപിയിൽ 
കൂട്ടരാജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:49 AM | 0 min read


ന്യൂഡൽഹി
ഹരിയാനയിൽ ആദ്യ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ടതിന്‌ പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായി. സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ സംസ്ഥാന മന്ത്രിയും മുതിർന്ന നേതാവുമായ രഞ്‌ജിത്ത്‌ സിങ്‌ ചൗത്താല ബിജെപിയിൽനിന്ന്‌ രാജിവച്ചു. മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകനാണ്‌ രഞ്‌ജിത്ത്‌ ചൗത്താല. എംഎൽഎ ലക്ഷ്‌മൺദാസ്‌ നാപ്പ, ബിജെപിയുടെ ഒബിസി മോർച്ച പ്രസിഡന്റായ കരൺദേവ്‌ കംബോജ്‌ തുടങ്ങിയ നേതാക്കളും ബിജെപി വിട്ടു. രഞ്‌ജിത്ത്‌ ചൗത്താലയുടെ സിറ്റിങ്‌ സീറ്റായ റാണിയയിൽ ശിഷ്‌പാൽ കംബോജിനെയാണ്‌ ബിജെപി സ്ഥാനാർത്ഥിയാക്കിയത്‌. തഴയപ്പെട്ടതോടെ ചൗത്താല അനുയായികളുടെ യോഗം വിളിച്ചുചേർത്ത്‌ ബിജെപിയിൽ നിന്ന്‌ രാജിവെയ്‌ക്കാനും സ്വതന്ത്രനായി മൽസരിക്കാനും തീരുമാനിക്കുകയായിരുന്നു. 

ലക്ഷ്‌മൺദാസ്‌ നാപ്പയുടെ റതിയ മണ്ഡലത്തിൽ മുൻ സിർസ എംപി സുനിത ദുഗ്ഗലിനെയാണ്‌ ബിജെപി സ്ഥാനാർത്ഥിയാക്കിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിർസയിൽ സുനിതയ്‌ക്ക്‌ അവസരം നൽകിയിരുന്നില്ല. കോൺഗ്രസിൽ നിന്നെത്തിയ അശോക്‌ തൻവറിനാണ്‌ സീറ്റ്‌ നൽകിയത്‌. എന്നാൽ അശാക്‌ തൻവർ സിർസയിൽ കുമാരി ഷെൽജയോട്‌ തോറ്റു. സീറ്റ്‌ നിഷേധിച്ചതിന്‌ പിന്നാലെ നാപ്പ കോൺഗ്രസ്‌ നേതാവ്‌ ഭൂപീന്ദർ സിങ്‌ ഹൂഡയെ കണ്ടു. താൻ കോൺഗ്രസിൽ ചേരുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം നാപ്പ പ്രതികരിച്ചു.

വർഷങ്ങളായി പാർടിയ്‌ക്കൊപ്പം നിൽക്കുന്നവരെ നേതൃത്വം തഴയുകയാണെന്ന്‌ സീറ്റ്‌ നിഷേധിക്കപ്പെട്ട കരൺദേവ്‌ കംബോജ്‌ പറഞ്ഞു. ഒബിസി മോർച്ച പ്രസിഡന്റ്‌ സ്ഥാനം ഉൾപ്പെടെ ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെയ്‌ക്കുകയാണെന്ന്‌ കംബോജ്‌ പറഞ്ഞു. മുൻ മന്ത്രി കവിതാ ജയിനും സീറ്റ്‌ നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധത്തിലാണ്‌.

ആദ്യ സ്ഥാനാർഥി പട്ടികയുമായി 
ബിജെപി: 9 സിറ്റിങ്‌ എംഎൽഎമാരെ ഒഴിവാക്കി
ഒമ്പത്‌ സിറ്റിങ്‌ എംഎൽഎമാരെ ഒഴിവാക്കി ഹരിയാനയിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക. 67 പേരാണ്‌ പട്ടികയിലുള്ളത്‌. മക്കൾരാഷ്‌ട്രീയത്തിൽ തങ്ങളും കോൺഗ്രസിന്‌ ഒട്ടുംപിന്നിലല്ലെന്ന്‌ വ്യക്തമാക്കി പല മുതിർന്ന നേതാക്കളുടെയും മക്കൾക്ക്‌ സീറ്റുനൽകി. കോൺഗ്രസ്‌, ജെജെപി തുടങ്ങി മറ്റ്‌ പാർടികളിൽ നിന്ന്‌ എത്തിയവർക്കും സീറ്റുണ്ട്‌. പരാജയഭീതിയിൽ മുഖ്യമന്ത്രി നായിബ്‌ സിങ്‌ സെയ്‌നി മണ്ഡലം മാറി. സിറ്റിങ്‌ മണ്ഡലമായ കർണാൽ ഉപേക്ഷിച്ച്‌ ലഡ്‌വ മണ്ഡലത്തിൽനിന്നാണ്‌ മത്സരിക്കുന്നത്‌. കർണാലിൽ ജയസാധ്യത കുറവാണെ
ന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മുതിർന്ന നേതാവ്‌ അനിൽ വിജ്‌ അംബാല വെസ്‌റ്റിൽ മൽസരിക്കും. കോൺഗ്രസിൽ നിന്ന്‌ കൂറുമാറിയെത്തി രാജ്യസഭാംഗമായ കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരി തോഷമിൽ മത്സരിക്കും. മുൻ കോൺഗ്രസ്‌ നേതാവായ കേന്ദ്രമന്ത്രി റാവു ഇന്ദർജിത്ത്‌ സിങിന്റെ മകൾ ആരതി സിങ്‌ അതെലി മണ്ഡലത്തിലും മുൻ എംപി കുൽദീപ്‌ ബിഷ്‌ണോയിയുടെ മകൻ ഭവ്യ ബിഷ്‌ണോയ്‌ ആദംപുർ മണ്ഡലത്തിലും മൽസരിക്കും. കുൽദീപ്‌ സിങും കോൺഗ്രസ്‌ വിട്ട്‌ എത്തിയതാണ്‌.

ജെജെപിയിൽനിന്ന്‌ ബിജെപിയിലേക്ക്‌ കൂറുമാറിയ എംഎൽഎമാരായ ദേവേന്ദ്ര ബബ്‌ലി, രാംകുമാർ ഗൗതം, അനുപ്‌ ധനാക്ക്‌ എന്നിവർ യഥാക്രമം തോഹണ, സാഫിദോൺ, ഉക്‌ലാന മണ്ഡലങ്ങളിൽ മൽസരിക്കും. ഒക്‌ടോബർ അഞ്ചിന്‌ ഒറ്റ ഘട്ടമായാണ്‌ തെരഞ്ഞെടുപ്പ്‌. എട്ടിന് വോട്ടെണ്ണും.



deshabhimani section

Related News

View More
0 comments
Sort by

Home