കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റിനുമുമ്പ്‌ കോടതി അനുമതി വാങ്ങണമായിരുന്നു ; സിബിഐക്ക്‌ സുപ്രീംകോടതിയുടെ വിമർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:47 AM | 0 min read


ന്യൂഡൽഹി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട്‌ ഇഡി കേസിൽ കസ്‌റ്റഡിയിലായിരുന്ന അരവിന്ദ്‌ കെജ്‌രിവാളിനെ കോടതിഅനുമതി വാങ്ങാതെ അറസ്റ്റ്‌ ചെയ്‌ത സിബിഐ നടപടി വിമർശിച്ച്‌ സുപ്രീംകോടതി. ‘ഇഡി കസ്‌റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്‌റ്റ്‌ ചെയ്യുംമുമ്പ്‌ കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആർപിസിയിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌’–- ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ സുപ്രീംകോടതി സിബിഐ നടപടിയെ വിമർശിച്ചത്‌.

ഡൽഹി മദ്യനയക്കേസിൽ ഇഡി കസ്‌റ്റഡിയിലായിരുന്ന കെജ്‌രിവാളിനെ സിആർപിസി 41എ വകുപ്പ് പ്രകാരം ചോദ്യംചെയ്യാൻ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്ന്‌ അഭിഭാഷകൻ മനു അഭിഷേക്‌സിങ്‌വി ചൂണ്ടിക്കാട്ടി. സിആർപിസി 41 എയിൽ അറസ്റ്റ്‌ ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ്‌ അധികാരം നൽകുന്നത്‌. ഇഡി കേസിൽ ജാമ്യം ലഭിച്ചാലും കെജ്‌രിവാള്‍  പുറത്തിറങ്ങരുതെന്ന നിർബന്ധബുദ്ധിയോടെയാണ്‌ സിബിഐ തിടുക്കപ്പെട്ട്‌ അറസ്‌റ്റ്‌ ചെയ്തതെന്നും ചൂണ്ടിക്കാട്ടി. തുടർന്ന്‌ കെജ്‌രിവാളിന്റെ ഹർജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റി.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസിൽ ഇഡി മാർച്ച്‌ 21നാണ്‌ കെജ്‌രിവാളിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കസ്റ്റഡിയില്‍ ഇരിക്കെ ജൂൺ 26ന്‌ സിബിഐയും അറസ്‌റ്റ്‌ രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home