ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പ്രതിപോലും ശിക്ഷിക്കപ്പെട്ടില്ല; ഗൗരി ലങ്കേഷിന്റെ നീതി ഇന്നും ചോദ്യചിഹ്നം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 07:55 PM | 0 min read

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന  പ്രശസ്ത മാധ്യമപ്രവര്‍ത്തക  ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീടിന് മുന്നി ല്‍വെടിയേറ്റ് മരിച്ചു. 2017 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവമുണ്ടായത്. മതവാദികള്‍ ജനാധിപത്യത്തിന് നേരെ ഉയര്‍ത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവര്‍ത്തനത്തിലൂടെ നേരിട്ട ചെറുത്തുനില്‍പ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളില്‍ നിന്നുതിര്‍ത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു.

 അരികുവത്കരിക്കപ്പെട്ടവരുടെ സാമുദായിക ഐക്യത്തിനും ഉന്നമനത്തിനും  വേണ്ടി നിലകൊണ്ട മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല.ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവര്‍ത്തനം ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇല്ലാതാക്കാന്‍ സാധിക്കാതെ നില്‍ക്കുന്നു.

ആകെയുള്ള 530 സാക്ഷികളില്‍ 137 പേരെമാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. വൈകുന്ന നീതി നീതി നിഷേധമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന ഗൗരിയുട സഹോദരി കവിത ലങ്കേഷ് ഇനി വിചാരണ വേഗത്തിലാകുമായിരിക്കും എന്ന പ്രതീക്ഷയും മുന്നോട്ടുവയ്ക്കുന്നുണ്ട്.

എം എന്‍ അനുചേത്, പി രംഗപ്പ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. 2018 മാര്‍ച്ചില്‍ ഗൗരി ലങ്കേഷിനെ കൊല്ലാന്‍ ആസൂത്രണം ചെയ്ത സംഘത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയ ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീന്‍ കുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

കര്‍ണാടകയില്‍ ശിരോവസ്ത്രം നിരോധിക്കുന്നതുള്‍പ്പെടെ സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ നടന്ന സമയങ്ങളില്‍ ഗൗരിലങ്കേഷിന്റെ ഇടപെടലും അവര്‍ നടത്തിയ 'ലങ്കേഷ് പത്രിക' എന്ന പത്രവും ചര്‍ച്ചയായിരുന്നു. ചോരയില്‍ കുളിച്ച് കിടന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹത്തിന്റെ ചിത്രം തന്നെ കര്‍ണാടകയുടേയും, അതുപോലെ രാജ്യത്തിന്റെയും സാമുദായിക ഐക്യം നേരിടുന്ന വെല്ലുവിളികളിലേക്കുള്ള സൂചനയായിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വന്നതിനു ശേഷം കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.







 



deshabhimani section

Related News

View More
0 comments
Sort by

Home