ദുരിതക്കയത്തില്‍ ആന്ധ്ര, തെലങ്കാന ; മഴക്കെടുതിയില്‍ 31 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 05:33 PM | 0 min read

അമരാവതി/ ഹൈദരാബാദ്
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ആന്ധ്രപ്രദേശും തെലങ്കാനയും ദുരിതക്കയത്തില്‍. ആന്ധ്രയിൽ 15 പേരും തെലങ്കാനയിൽ 16 പേരും മഴക്കെടുതിയില്‍ മരിച്ചു. നിരവധി പേരെ കാണാതായി. വീടുകളിലും കടകളിലും വെള്ളം കയറി. റോഡ്, റെയിൽ ​ഗതാ​ഗതം താളംതെറ്റി. ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയുംചെയ്തു. ആന്ധ്രയിലെ കൃഷ്‌ണ, എൻടിആര്‍, ​ഗുണ്ടൂര്‍, പൽനാട് , വെസ്റ്റ് ​ഗോദാവരി ജില്ലകളിൽ  രണ്ട് ലക്ഷം ഏക്കറിൽ മുളക്, പരുത്തി, നെല്ല്, പയറുവര്‍​ഗങ്ങള്‍, തക്കാളി കൃഷി നശിച്ചു. വ്യോമ, നാവികസേന, എൻഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.    ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ദുരിതമേഖലകള്‍ സന്ദര്‍ശിച്ചു. ഇരു മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.

ആന്ധ്രയിൽ 4.5 ലക്ഷം പേരെ മഴയും വെള്ളപ്പൊക്കവും ബാധിച്ചു. 31238 പേരെ ഒഴിപ്പിച്ചു. 166 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എൻടിആര്‍, ​ഗുണ്ടൂര്‍, കൃഷ്ണ, പൽനാട്, ബാപ്ടല, പ്രകാശം ജില്ലകളെയാണ് രൂക്ഷമായി ബാധിച്ചത്. ആന്ധ്രയിൽ 110 സ്പീഡ് ബോട്ടുകളിറക്കി. ബുധമേരു നദി കരവിഞ്ഞൊഴുകിയതോടെ ആന്ധ്രപ്രദേശ് തലസ്ഥാന മേഖലയിൽപ്പെട്ട വിജയവാഡയുടെ 40 ശതമാനം പ്രദേശത്തെയും വെള്ളപ്പൊക്കം ബാധിച്ചു. പ്രകാശം അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടതോടെ വിജയവാഡയിലെ താഴ്ന്നമേഖലകള്‍ മുങ്ങി. 

മൊ​ഗല്‍രാജപുരത്തില്‍ മണ്ണിടിച്ചലിൽ മരിച്ച അഞ്ചുപേര്‍ ഉള്‍പ്പെടെ എൻടിആര്‍ ജില്ലയില്‍ എട്ടുപേരും ​ഗുണ്ടൂര്‍ ജില്ലയിൽ അഞ്ചുപേരും മരിച്ചു.  ഒരു അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും ഒലിച്ചുപോയി. കല്ലുവീണ് എൺപതുകാരി മരിച്ചു. തെലങ്കാനയിൽ ഖമ്മം, ഭദ്രാദ്രി കോത​ഗുഡേം, മെഹബൂബാബാദ്, സൂര്യാപേട്ട് എന്നിവടങ്ങളെയും സാരമായി ബാധിച്ചു. മഴക്കെടുതിദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  ആവശ്യപ്പെട്ടു.  മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം വീതം പ്രഖ്യാപിച്ചു. തഡ്‍ല പുസപള്ളിക്കും മെഹബൂബാബാദിനും ഇടയിലുള്ള ഒലിച്ചുപോയ റെയിൽവെ ട്രാക്ക് പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി.

കേരളത്തിലേക്കുള്ള യാത്രികരെയും ബാധിച്ചു
ആന്ധ്രപ്രദേശിലെ കനത്ത മഴ കേരളത്തിലെ ട്രെയിൻയാത്രികരെയും ബാധിച്ചു.     തിങ്കളാഴ്‌ച രാവിലെ 6.15ന്‌ പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി–- കോർബ എക്‌സ്‌പ്രസ്‌(22648), ബിലാസ്‌പുരിൽനിന്ന്‌ രാവിലെ 8.15 ന്‌ പുറപ്പെടേണ്ടിയിരുന്ന ബിലാസ്‌പുർ–- എറണാകുളം എക്‌സ്‌പ്രസ്‌(22815) , ബുധനാഴ്‌ച എറണാകുളത്തുനിന്ന്‌ രാവിലെ 8.30 ന്‌ പുറപ്പെടേണ്ട എറണാകുളം –-ബിലാസ്‌പുർ എക്‌സ്‌പ്രസ്‌ (22816) എന്നിവ റദ്ദാക്കി.   ബനാറസ്‌–- കന്യാകുമാരി കാശി തമിഴ്‌ സംഘം എക്‌സ്‌പ്രസ്‌(16368) വഴിതിരിച്ചുവിട്ടു. ന്യൂഡൽഹി–-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ്‌(12626), ഇൻഡോർ–-കൊച്ചുവേളി എക്‌സ്‌പ്രസ്‌(22645), ആലപ്പുഴ–- ധൻബാദ്‌ എക്‌സ്‌പ്രസ്‌(13352) എന്നിവയും വഴി തിരിച്ചുവിട്ടു.
 

കുഞ്ഞിനെ രക്ഷപെടുത്തി തിരികെ എത്തിയപ്പോൾ അഛനെയും അമ്മയേയും കാണാനില്ല

ഹൈദരാബാദ് നഗരത്തില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഐടി കമ്പനികളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിര്‍ദേശം നല്‍കി. പലേറില്‍ ഹെലികോപ്റ്റര്‍ വഴി ഒരു കുടുംബത്തിലെ കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയര്‍ലിഫ്റ്റ് ചെയ്ത് പിന്നീട് മുതിര്‍ന്നവരെ എയര്‍ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂര്‍ണമായും വെള്ളത്തിലേക്ക് തകര്‍ന്ന് വീണു.

 

തെലങ്കാനയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി രേവന്തി റെഡ്ഡി നിര്‍ദേശം നല്‍കി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും ഇരുസംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home