വാല്‍പ്പാറ ഗവ. കോളേജില്‍ ലൈംഗികാതിക്രമം: രണ്ട് അസി. പ്രൊഫസര്‍മാര്‍ അടക്കം നാലുപേര്‍ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 03:12 PM | 0 min read

കൊയമ്പത്തൂർ > വാല്‍പ്പാറ സര്‍ക്കാര്‍ കോളേജിലെ ലൈംഗികാതിക്രമത്തില്‍ രണ്ട് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ അറസ്റ്റില്‍. കോളേജിലെ അസി. പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍, എം മുരളീരാജ്, ലാബ് ടെക്‌നീഷ്യന്‍ എ അന്‍പരശ്, സ്‌കില്‍ കോഴ്‌സ് ട്രെയിനര്‍ രാജപാണ്ടി എന്നിവരെയാണ് വാല്‍പ്പാറ ഓള്‍ വിമന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കോളേജിലെ ആറ് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നാല് ജീവനക്കാരെ പൊലീസ് പിടികൂടിയത്. പ്രതികളില്‍നിന്ന് പലരീതിയിലുള്ള അതിക്രമങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥിനികള്‍ സംസ്ഥാന വനിതാ കമ്മീഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ ആര്‍ അംബികയും കോളേജിയേറ്റ് എജ്യൂക്കേഷന്‍ റീജണല്‍ ജോ. ഡയറക്ടര്‍ വി കലൈസെല്‍വിയും വെള്ളിയാഴ്ച കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

കോളേജിലെ വിദ്യാര്‍ഥിനികള്‍ക്ക് വാട്‌സാപ്പ് വഴി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നത് പതിവാണെന്നാണ് പ്രതികള്‍ക്കെതിരായ പ്രധാന ആരോപണം. ക്ലാസ് സമയം കഴിഞ്ഞാലും പ്രതികള്‍ വിദ്യാര്‍ഥിനികളോട് ലാബില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ക്ലാസ് സമയത്തും ലാബിലുംവച്ച് ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും വിദ്യാര്‍ഥിനികൾ പരാതിയില്‍ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home