ഡോക്ടറുടെ 
ബലാത്സം​ഗ
കൊലപാതകം ; സംഘർഷഭൂമിയായി കൊൽക്കത്ത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 11:58 PM | 0 min read


കൊൽക്കത്ത
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മമത സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. കോളേജിന്‌ മുന്നിലെ സമരം അടിച്ചമർത്താൻ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന്‌ ഞായറാഴ്ചയും പ്രതിഷേധവുമായി ആയിരങ്ങളെത്തി. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിന്‌ മുന്നിൽ ചിര വൈരികളായ മോഹൻ ബഗാന്റെയും ഈസ്റ്റ്‌ ബംഗാളിന്റെയും ആരാധകൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ആരാധകരെ ഭയന്ന്‌ ഞായറാഴ്‌ച നടത്താനിരുന്ന മത്സരം സർക്കാർ റദ്ദാക്കി. ഇതോടെ, ദേശീയപതാകയും ക്ലബുകളുടെ കൊടിയുമായി ആരാധകർ നഗരം വളഞ്ഞു.  പ്രതിഷേധത്തിന്‌ നേരെ നടന്ന പൊലീസ്‌ ലാത്തിച്ചാർജിൽ നിരവധിപേർക്ക്‌ പരിക്കേറ്റു. വിവിധ ഫുട്‌ബോൾ ക്ലബുകൾ ചൊവ്വാഴ്ച വൻറാലി സംഘടിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് കോളേജ്‌ പ്രിസിപ്പൽ ഉൾപ്പടെ യുള്ളവരെ ഞായാറാഴ്ച സിബിഐ ചോദ്യം ചെയ്തു. അതിനിടെ, തൃണമൂൽ കോൺഗ്രസിലും ഭിന്നത ശക്തമായി. തൃണമൂൽ എംപി സുഖേന്തു ശേഖർ റോയ്‌യോട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ കൊൽക്കത്ത പൊലീസ് ആവശ്യപ്പെട്ടു. കൊൽക്കത്ത പൊലീസ് കമ്മീഷണറെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്ന്‌ സുഖേന്തു ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ നടപടി. സുഖേന്തുവിന്റെ ആവശ്യം തൃണമൂൽ നേതൃത്വം തള്ളി.  ബിജെപി നേതാവ്‌ ലോക്കറ്റ്‌ ചാറ്റർജി, രണ്ട്‌ ഡോക്‌ടർമാർ എന്നിവരെയും പൊലീസ്‌ വിളിപ്പിച്ചിട്ടുണ്ട്‌. അതേസമയം, വിഷയം റിപ്പോർട്ട്‌ ചെയ്‌ത പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തിനും പൊലീസ്‌ താക്കീതുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home