ഉപരാഷ്‌ട്രപതിയെ നീക്കണം ; പ്രമേയവുമായി പ്രതിപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:23 AM | 0 min read


ന്യൂഡൽഹി
രാജ്യസഭയിൽ പക്ഷപാതപരമായി പെരുമാറുന്ന ജഗദീപ്‌ ധൻഖറിനെ ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന്‌ നീക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ പാർലമെന്റിന്റെ ഇരുസഭകളും അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞു. രാജ്യസഭ അധ്യക്ഷൻ കൂടിയായ ധൻഖറിനെ ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന്‌ നീക്കാനുള്ള പ്രമേയത്തിന്‌ പ്രതിപക്ഷം നോട്ടീസ്‌ നൽകാൻ തയ്യാറെടുത്തതോടെയാണ്‌ തിടുക്കത്തിലുള്ള തീരുമാനം. ഉപരാഷ്‌ട്രപതിക്കെതിരായ നോട്ടീസിൽ 87 രാജ്യസഭാംഗങ്ങൾ ഒപ്പിട്ടു. നാമനിർദേശം ചെയ്യപ്പെട്ട നാലംഗങ്ങൾ വിരമിച്ചതോടെ രാജ്യസഭയിൽ ബിജെപി മുന്നണിക്ക്‌ ഭൂരിപക്ഷമില്ല. ഇതേതുടർന്നാണ്‌ 12 വരെ ചേരാൻ നിശ്‌ചയിച്ചിരുന്ന പാർലമെന്റ്‌ സമ്മേളനം വെള്ളിയാഴ്‌ച വെട്ടിച്ചുരുക്കിയത്‌.

രാജ്യസഭയിൽ ഹാജരുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാൽ ഉപരാഷ്‌ട്രപതിയെ നീക്കാനുള്ള പ്രമേയം പാസാകും. നോട്ടീസ്‌ ലഭിച്ച്‌ 14 ദിവസം കഴിഞ്ഞാൽ പരിഗണിക്കണം. ബിജെപിയുടെ 86 അംഗങ്ങളടക്കം എൻഡിഎയ്‌ക്ക്‌ 101 അംഗങ്ങളാണുള്ളത്‌. നിലവിൽ  225 അംഗസഭയിൽ 113 പേരാണ്‌ കേവല ഭൂരിപക്ഷത്തിന്‌ വേണ്ടത്‌. ബിജെപി അംഗം ഘനശ്യാം തിവാരി പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെയെ ആക്ഷേപിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ്‌ വെള്ളിയാഴ്‌ച രാജ്യസഭ പിരിഞ്ഞത്‌. തിവാരി മാപ്പ്‌ പറയണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും വിഷയം നേതാക്കൾ തമ്മിൽ പരിഹരിച്ചതായി രാജ്യസഭ ചെയർമാൻ ജഗദീപ്‌ ധൻഖർ അവകാശപ്പെട്ടു. ചെയർ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.



deshabhimani section

Related News

View More
0 comments
Sort by

Home