വഖഫ്‌ ഭേദഗതി ബിൽ: അവലോകനത്തിനായി 31 അംഗ സമിതി രൂപീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 05:50 PM | 0 min read

ന്യൂഡൽഹി > വഖഫ്‌ ഭേദഗതി ബില്ലിന് മേലുള്ള അവലോകത്തിനായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിച്ചു. 31 അംഗങ്ങളുള്ള സമിതിയാണ്‌ രൂപീകരിച്ചത്‌. ഇതിൽ 21 പേർ ലോക്‌സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്‌. അടുത്ത പാർലമെന്റ്‌ സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട്‌ സമർപ്പിക്കണം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ്‌ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്‌.

ലോക്‌സഭയിൽ നിന്ന്‌ പ്രഖ്യാപിച്ച 21 പേരിൽ ഒൻപത്‌ അംഗങ്ങൾ ബിജെപിയെയും മൂന്ന്‌ പേർ കോൺഗ്രസിനെയും പ്രതിനിധികരിക്കുന്നവരാണ്‌. ജഗദംബിക പാല്‍, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവരാണ്‌ ബിജെപി അംഗങ്ങൾ. കോണ്‍ഗ്രസില്‍ നിന്ന് സമിതിയിലുള്ളത്‌ ഗൗരവ് ഗൊഗോയി, ഇമ്രാന്‍ മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ്‌. മൊഹിബുല്ല നദ്വി, കല്യാണ്‍ ബാനര്‍ജി, എ രാജ, ലാവു ശ്രീകൃഷ്ണ ദേവരായലു, ദിലേശ്വര്‍ കാമത്ത്, അരവിന്ദ് സാവന്ത്, സുരേഷ് ഗോപിനാഥ് മഹത്രെ, നരേഷ് മഹ്സ്‌കേ, അരുണ്‍ ഭാരതി, അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.

രാജ്യസഭയിൽ നിന്ന്‌ ബ്രിജ് ലാല്‍, മേധ വിശ്രം കുല്‍കര്‍ണി, ഗുലാം അലി, രാധാമോഹന്‍ദാസ് അഗര്‍വാള്‍, സയ്യിദ് നാസര്‍ ഹുസൈൻ, മുഹമ്മദ് നദീമുല്‍ ഹഖ്‌, വി വിജയസായ് റെഡ്ഡി, എം മൊഹമ്മദ് അബ്ദുള്ള, സഞ്ജയ് സിങ്, ഡി വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും. ഇതിൽ നാല്‌ പേർ ഭരണകക്ഷി അംഗങ്ങളാണ്‌. കോൺഗ്രസിൽ നിന്ന്‌ ഒരാളാണുള്ളത്‌.

കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ്‌ ഭേദഗതി ബില്ലിനെ ഇന്ത്യ കൂട്ടായ്‌മ ശക്‌തമായി എതിർത്തിരുന്നു. ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മോദി സർക്കാർ കൊണ്ടുവന്ന ദേഭഗതി ബിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്‌ ജെപിസി പരിശോധനയ്‌ക്ക്‌ വിടുകയായിരുന്നു.

ന്യൂനപക്ഷമന്ത്രി കിരൺ റിജിജു ബിൽ അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തുകയായിരുന്നു. ഭേദഗതികൾ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടന ഉറപ്പ്‌ നൽകുന്ന അവകാശങ്ങൾക്കും വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആരുടെയും അവകാശം കവരാനല്ല ബില്ലെന്ന്‌ റിജിജു പ്രതിരോധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ബിൽ ജെപിസിക്ക്‌ വിടാൻ നിർബന്ധിതമായി.

1995ലെ കേന്ദ്രവഖഫ്‌ നിയമത്തില്‍ നാൽപ്പതോളം ഭേദ​ഗതി നിര്‍ദേശിക്കുന്നതാണ്‌ ബിൽ. വസ്തുവകകള്‍ വഖഫ്‌  സ്വത്തായി പ്രഖ്യാപിക്കാനുള്ള ബോര്‍ഡിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും വഖഫ്‌ സ്വത്തുക്കളില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതുമാണ്‌ ബില്ലിലെ വ്യവസ്ഥകൾ.



deshabhimani section

Related News

View More
0 comments
Sort by

Home