ശ്രീകൃഷ്ണ ജന്മഭൂമി – ഷാഹി ഈദ്ഗാഹ് തർക്കം; ഹർജി നിലനിൽക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 07:09 PM | 0 min read

ന്യൂഡൽഹി> മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്‌ഗാഹ് പള്ളി തർക്കക്കേസിലെ ഹർജികൾ നിലനിൽക്കുമെന്ന് അലഹാബാദ് ഹൈക്കോടതി. ക്ഷേത്രം പൊളിച്ചാണ് ഈ‌ദ്‌ഗാഹ് മസ്ജിദ് പണിതതെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രധാന ഹർജി. ഇതുൾപ്പെടെ ഹിന്ദു കക്ഷികൾ നൽകിയ മറ്റു ഹർജികളുടെയും നിലനിൽപ്പ് ചോദ്യം ചെയ്ത് ഈദ്‌ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ തള്ളിയത്. ഇതോടെ ഷാഹി ഈദ്‌ഗാഹ് പള്ളി നിലനിൽക്കുന്ന സ്ഥലത്ത് അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള 18 ഹർജികളിലും വാദം തുടരും.

ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിനു മേലാണ് മുഗൾ ചക്രവർത്തി ഔറംഗസേബ് ഈദ്‌‌ഗാഹ് മസ്ജിദ് നിർമിച്ചതെന്നും ഇത് നിലനിൽക്കുന്ന 13.37 ഏക്കർ സ്ഥലം തിരികെ ക്ഷേത്രത്തിനു നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹിന്ദു വിഭാഗത്തിന്റെ ഹർജികൾ. മസ്ജിദ് പൊളിച്ചുനീക്കണമെന്നും ഹിന്ദുവിഭാ​ഗം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, 1991ലെ ആരാധനാലയ നിയമ പ്രകാരം ഈ ഹർജികൾക്ക് നിലനിൽപ്പില്ലെന്നാണ് മുസ്‌ലിം വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു കക്ഷികളുടെ ഹർജികൾ ആരാധനാലയ നിയമം, പരിമിതി നിയമം, സ്പെസിഫിക് റിലീഫ് ആക്ട് എന്നീ നിയമങ്ങൾക്കെതിരാണ് എന്നായിരുന്നു ഷാഹി ഈദ്‌ഗാഹ് മസ്ജിദ് മാനേജ്‌മെന്റിന്റെ വാദം. ഈ വാദങ്ങളെ തള്ളിയാണ് ഹൈക്കോടതി ഹർജികൾ നിലനിൽക്കുമെന്ന് വിധിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home