ഒൻപത് ദിവസം നീണ്ട പ്രയത്‍നം; ഒടുവിൽ ട്രക്ക് കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 05:09 PM | 0 min read

അങ്കോള > ഒടുവിൽ കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുന്റെ ട്രക്ക്‌ കണ്ടെത്തിയിരിക്കുന്നു. അപകടം സംഭവിച്ച് ഒൻപത് ദിവസം കഴിഞ്ഞ് നദിക്കടിയിൽ നിന്നാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡയാണ് ട്രക്ക് കണ്ടെത്തിയതായി സ്ഥീരീകരിച്ചത്. നാവിക സേനയുടെ ദൗത്യ സംഘം ട്രക്ക് പുറത്തേക്കെടുക്കും.

ജൂലായ് 16-ന് രാവിലെയാണ് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നു പോകുകയായിരുന്ന കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുൻ (30) അപകടത്തില്‍പ്പെട്ടത്. പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം.

കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.



പുഴയോരത്തുനിന്ന് 20 മീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.



10 മീറ്ററോളം ഉയരത്തിൽ മണ്ണ് മൂടിയ അവസ്ഥയിലായിരുന്നു അപകടസ്ഥലം. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ എട്ടിനാണ് അര്‍ജുന്‍ അക്വേഷ്യ തടിയെടുക്കാനായി കര്‍ണാടകത്തിലേക്ക് പോയത്. ലോറിയില്‍ ഒറ്റയ്ക്കായിരുന്നു യാത്ര. 15ന് രാത്രി ഒമ്പതിന് ഭാര്യയെ വിളിച്ചിരുന്നു. രാവിലെ ഏഴരയ്ക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നു. എന്നാല്‍ ഒമ്പതോടെ അമ്മ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു.

അർജുൻ ജീവനോടെ മടങ്ങിയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ അർജുന്റെ വീട്ടുകാരും നാട്ടുകാരും രക്ഷാപ്രവർത്തകരും എല്ലാം.



deshabhimani section

Related News

View More
0 comments
Sort by

Home