കേന്ദ്രത്തിന്റെ റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളിൽ കൃത്രിമത്വം; ക്രമക്കേട്‌ മോദി തലപ്പത്തിരിക്കുന്ന സ്ഥാപനങ്ങളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 04:44 PM | 0 min read

ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോദി തലപ്പത്തുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) സെക്ഷൻ ഓഫീസർ (എസ്ഒ), അസിസ്റ്റന്റ്‌ സെക്ഷൻ ഓഫീസർ (എഎസ്ഒ) തസ്തികകളിലേക്കുള്ള മുഴുവൻ തിരഞ്ഞെടുപ്പ് പരീക്ഷകളിലും വൻതോതിലുള്ള  ക്രമക്കേടുകൾ നടന്നതായി തെളിവുകൾ.

ജൂലൈ ഏഴിന് രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ നടന്ന പരീക്ഷയുടെ രണ്ടാം ഘട്ട നടത്തിപ്പിനെ സംബന്ധിച്ചാണ്‌ പുതിയ ആരോപണങ്ങൾ. ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്‌, ഭോപ്പാൽ, കൊൽക്കത്ത തുടങ്ങി വിവിധ സെന്ററുകളിൽ നടന്ന പരീക്ഷാ നടത്തിപ്പിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി നടത്തിയ പരീക്ഷയുടെ ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച്‌  പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചതായും വീഡിയോകൾ റെക്കോഡ് ചെയ്തതായും തെളിവുകൾ പുറത്തുവന്നു. ദി വയർ നടത്തിയ അന്വേഷണത്തിലാണ്‌ വിവരങ്ങൾ പുറത്തു വന്നത്‌.

പരീക്ഷയിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച്‌  ആരോപണങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്‌. ഉത്തർപ്രദേശ്‌ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ, അഹമദാബാദ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുജറാത്ത്‌ കമ്പനി എഡ്യൂടെസ്റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ പരീക്ഷ നടത്തിയത്‌. പരീക്ഷാ നടത്തിപ്പിലും ഉദ്യോഗാർത്ഥികൾക്കായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചതിലുമെല്ലാം നിരവധി ക്രമക്കേടുകൾ ദി വയറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിനെത്തുടർന്ന്‌ എഡ്യൂടെസ്റ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ബിജെപിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു. എഡ്യൂടെസ്റ്റ്‌ സ്ഥാപകൻ സുരേഷ്‌ ചന്ദ്ര ആര്യ ഹിന്ദു സംഘടനകളുമായി ബന്ധമുള്ള വ്യക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിട്ടുള്ള പല പരിപാടികളിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും കണ്ടെത്തി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജയിലിലായിട്ടും ബിജെപി സർക്കാർ പ്രസ്തുത കമ്പനിക്കു  തന്നെ പരീക്ഷാ നടത്തിപ്പു ചുമതല വീണ്ടും നൽകുകയാണെന്ന്‌ ദി വയർ റിപ്പോർട്ട്‌ ചെയ്യുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home