ചാന്ദിപുര വൈറസ്: ​ഗുജറാത്തിൽ മരിച്ചത് 15 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 01:11 PM | 0 min read

അഹമ്മദാബാദ് > അതിമാരകമായ ചാന്ദിപുര വൈറസ് ഗുജറാത്തിൽ പടരുന്നു. വൈറസ്‌ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 15 ആയി. ഇതിൽ ഒരു കുട്ടിയുടെ മരണം ചാന്ദിപുര  വൈറസ്‌ബാധ മൂലമാണെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  സബർകാന്ത ജില്ലയിലെ ഹിമത് ന​ഗറിലെ ആശുപത്രിയിൽ കഴി‍ഞ്ഞയാഴ്ച മരിച്ച ആരവല്ലിയിലെ നാലുവയസുകാരിയുടെ സാമ്പിളാണ് പൂണെ എൻഐവിയിലെ പരിശോധനയിൽ പോസിറ്റീവായത്. ഗോഘമ്പയിലെ സ്വകാര്യആശുപത്രിയിൽ ജൂലായ് ആറിന് മരിച്ച കുട്ടിയുടെ മരണവും ഈ വൈറസ് ബാധമൂലമാണെന്ന് സംശയിക്കുന്നു. നിലവിൽ ഇരുപത്തിയൊമ്പത് കുട്ടികൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.
 
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ​ഗുജറാത്തിൽ ചികിത്സയിലുണ്ട്. ചാന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോ​ഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ്‌ വൈറസ്‌ ബാധമൂലം മരിച്ചത്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home