താക്കീതായി വോട്ടർ അധികാർ യാത്ര; പട്‌നയിൽ ഉജ്വല സമാപനം

വോട്ടർ അധികാർ യാത്ര സമാപനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: പി വി സുജിത്
പട്‌ന: ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്രപുന:പരിശോധനയെന്ന പേരിൽ ലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ഗൂഡനീക്കത്തിനെതിരായി പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ടർ അധികാർ യാത്ര’ പട്‌നയിൽ സമാപിച്ചു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിൽ നിന്ന് അംബേദ്‌ക്കർ പാർക്കിലേക്ക് ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കളും പ്രവർത്തകരും പദയാത്രയായി നീങ്ങി. ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി. തുടർന്നുചേർന്ന പൊതുയോഗത്തിൽ ഇന്ത്യാ കൂട്ടായ്‌മയിലെ പ്രമുഖ നേതാക്കൾ സംസാരിച്ചു.
വോട്ടെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കിയ കേന്ദ്ര ബിജെപി സർക്കാരിനും ക്രമക്കേടുകൾക്ക് കൂട്ടുനിന്ന തെരഞ്ഞെടുപ്പ് കമീഷനും ശക്തമായ താക്കീത് നൽകിയാണ് വോട്ടർ അധികാർ യാത്ര സമാപിച്ചത്. പൊതുയോഗത്തിൽ ബിഹാറിൽ ഇന്ത്യാ കൂട്ടായ്‌മയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവ് മുകേഷ് സാഹ്‌നി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഡിഎംകെ, എസ്‌പി, ശിവസേനാ ഉദ്ധവ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർടികളുടെ പ്രതിനിധികളുമുണ്ടായി.
വോട്ടർ അധികാർ യാത്രയുടെ സമാപനസമ്മേളനത്തിൽ പട്നയിൽ എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണം |ഫോട്ടോ: പി വി സുജിത്
ആഗസ്‌ത് 17 ന് തുടങ്ങി 16 ദിവസം നീണ്ട യാത്ര 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കി.മീ ദൂരം സഞ്ചരിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റി ക്ഷണിതാവ് സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധുരി, കേന്ദ്രകമ്മിറ്റിയംഗം അവധേഷ് കുമാർ, മുതിർന്ന നേതാവ് അരുൺ മിശ്ര തുടങ്ങിയ നേതാക്കൾ യാത്രയുടെ ഭാഗമായി. വലിയ ജനപങ്കാളിത്തം യാത്രയിലുടനീളമുണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, എസ്‌പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ദരാമയ്യ, രേവന്ത് റെഡ്ഡി തുടങ്ങിയവരും യാത്രയുടെ ഭാഗമാകാനെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക് വലിയ ആത്‌മവിശ്വാസമേകിയാണ് യാത്ര സമാപിച്ചത്.









0 comments