ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടം; നാലുപേർ മരിച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷനിലെ തൊഴിലാളികളാണ് മരിച്ചത്. 55 തൊഴിലാളികളാണ് മഞ്ഞിൽ കുടുങ്ങിയത്. ഇനി അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ ആർമി, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആറ് ഹെലികോപ്റ്ററുകൾ സ്ഥലത്തുണ്ട്. ടിബറ്റൻ അതിർത്തിയിലെ ഇന്ത്യയുടെ അവസാന ഗ്രാമമായ മനയ്‌ക്കും മന ചുരത്തിനും ഇടയിൽ വെള്ളി രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞത്. സമുദ്രനിരപ്പിൽനിന്ന് 3200 മീറ്റർ ഉയരത്തിലാണ് മന ഗ്രാമം. ബദരിനാഥ് ക്ഷേത്രത്തിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള ബോർഡർ റോഡ് ഓർഗനൈസേഷന്റെ ക്യാമ്പിലുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ 33 പേരെ വെള്ളി രാത്രി രക്ഷപ്പെടുത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്‌ചയും മഴയും രക്ഷദൗത്യത്തിന് വെല്ലുവിളിയായിരുന്നു. ടിബറ്റൻ അതിർത്തിയിലേക്കുള്ള സൈനിക വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിന് ജോഷിമഠിനും മനയ്‌ക്കും ഇടയിലെ റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
ബാഗേശ്വർ, പിത്തോറഗഡ്, രുദ്രപ്രയാഗ്, ഉത്തരകാശി, ചമോലി ജില്ലകളിൽ 2400 മീറ്ററിലേറെ ഉയരത്തിലുള്ള മേഖലകളിൽ മഞ്ഞുമല ഇടിച്ചിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പ്രദേശത്ത് തുടർച്ചയായി മോശം കാലാവസ്ഥയാണ്. വെള്ളി രാവിലെ മുതൽ വൻമഞ്ഞുവീഴ്‌ചയുമുണ്ടായി. ഇതിനുപിന്നാലെയാണ് മഞ്ഞുമല ഇടിഞ്ഞത്. ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്‌ചയും മഴയും കാരണം ഗതാഗതം തടസ്സപ്പെട്ടു.









0 comments