ഇ ഡി റെയ്ഡിനിടെ മതിൽ ചാടി ഓടി; തൃണമൂല്‍ എംഎല്‍എ അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎ അറസ്റ്റിൽ. എംഎൽഎ ജിബൻ കൃഷ്ണസാഹയെയാണ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്. സ്‌കൂള്‍ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഇ ഡി റെയ്ഡ് നടത്തുന്നതിനിടെയാണ് എംഎൽഎ മതിൽ ചാടി ഓടിയത്. തുടർന്ന് പിടികൂടിയ എംഎൽഎയുടെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തി.
മുര്‍ഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. റെയ്ഡ് നടന്ന വിവരം അറിഞ്ഞയുടനെ എംഎൽഎ വീടിന്റെ ചുറ്റുമതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇ ഡി ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ചേർന്ന് ചെളിയിൽ മൂടിയ അടുത്തുള്ള ഒരു കൃഷിയിടത്തിൽ വെച്ചാണ് എംഎൽഎയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ഓടിരക്ഷപ്പെടുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് ഇയാള്‍ എറിഞ്ഞിരുന്നു. ഇവ ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ജിബന്‍ കൃഷ്ണ സാഹയുടെ ഭാര്യയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
2023 ഏപ്രിലില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ നിയമന അഴിമതി കേസില്‍ ജിബന്‍ കൃഷ്ണ സാഹ അറസ്റ്റിലായിരുന്നു.









0 comments