തലയ്‍ക്കുമീതെ 
സ്‌റ്റാർലിങ്ക് ഭീഷണി

elon musk
avatar
എം അഖിൽ

Published on Mar 16, 2025, 12:58 AM | 2 min read

ന്യൂഡൽഹി: അതിവേഗ ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ് സേവനത്തിന്റെ പേരിൽ അമേരിക്കൻ സമ്മർദങ്ങൾക്ക്‌ കീഴ്‌പ്പെട്ട്‌ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് ആനയിക്കുന്ന മോദി സർക്കാർ തീരുമാനം രാജ്യസുരക്ഷയ്‌ക്ക്‌ ഉയർത്തുന്നത്‌ ഗുരുതരവെല്ലുവിളി.

സ്‌റ്റാർലിങ്കിന്റെ മാതൃസ്ഥാപനമായ സ്‌പേസ്‌ എക്‌സിന്‌ അമേരിക്കൻ സൈന്യവും രഹസ്യാന്വേഷണ വിഭാ​ഗവുമായുമുള്ള പൊക്കിൾക്കൊടി ബന്ധമാണ് വലിയ ആശങ്ക. യുഎസ്‌ സൈന്യത്തിന്‌ വേണ്ടി ചാര ഉപഗ്രഹങ്ങൾ നിർമിക്കുന്ന ‘സ്‌റ്റാർഷീൽഡ്‌’ പദ്ധതിയാണ്‌ 2021ന്‌ ശേഷം സ്‌പേസ്‌ എക്‌സിന്റെ മുഖ്യവരുമാനസ്രോതസ്‌. നൂറുകണക്കിന്‌ ചാര ഉപഗ്രഹങ്ങളുടെ ശൃംഖല സൃഷ്ടിച്ച്‌ ലോകരാജ്യങ്ങളെ മുഴുവൻ അമേരിക്കയുടെ നിരീക്ഷണവലയത്തിലാക്കുകയാണ്‌ ‘സ്‌റ്റാർഷീൽഡ്‌’.

ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയാൽ സ്‌റ്റാർലിങ്ക്‌ വഴി രാജ്യത്തിന്റെയും പൗരൻമാരുടെയും നിർണായകവിവരങ്ങൾ അമേരിക്കൻ ഇന്റലിജൻസിന്റെയും സൈന്യത്തിന്റെയും കൈയിലെത്താം. ഉക്രയ്‌നെ ‘ബ്ലാക്ക്‌മെയിൽ’ ചെയ്യാന്‍ അമേരിക്ക പ്രധാന ആയുധമാക്കിയത് സ്‌റ്റാർലിങ്കിനെയാണ്. ധാതുസമ്പത്തുമായി ബന്ധപ്പെട്ട നിർണായക കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഉക്രയ്‌നിലെ സ്‌റ്റാർലിങ്ക്‌ സേവനങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കൻ ഭീഷണി. 2022ൽ സ്‌റ്റാർലിങ്കിന്‌ പ്രവർത്തനാനുമതി നൽകിയ ജപ്പാനാകട്ടെ മസ്‌കിനെയും കമ്പനിയെയും പിടിച്ചുകെട്ടാനുള്ള ശക്തമായ നിയന്ത്രണ മാർഗനിർദേശങ്ങൾ രൂപീകരിക്കാനുള്ള പ്രയത്നത്തിലാണ്‌.
|
സ്‌റ്റാർലിങ്ക്‌ ‘ആട്ടിൻ തോലണിഞ്ഞ ചെന്നായ’ ആണെന്ന്‌ ഡൽഹിയിലെ പൊതുനയരൂപീകരണ സഹായ കേന്ദ്രമായ കുറ്റ്‌നീതി ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചിരുന്നു. വിദേശ ഏജൻസികൾക്ക്‌ തന്ത്രപ്രധാനമായ ഉപഗ്രഹസ്‌പെക്‌ട്രം കൈമാറരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഊർജ മന്ത്രാലയം മുൻ സെക്രട്ടറി ഇ എ എസ്‌ ശർമ ടെലികോം വകുപ്പ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾ അവഗണിച്ച്‌ സ്‌റ്റാർലിങ്കിനെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും മുൻകൈ എടുത്തു.

കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്‌റ്റാർലിങ്കിന്‌ പ്രവർത്തനാനുമതിയെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്‌. എന്നാൽ, സർക്കാര്‍ മൗനംപാലിക്കുകയാണ്. തിങ്കളാഴ്‌ച്ച പാർലമെന്റ്‌ വീണ്ടും ചേരുമ്പോൾ സ്‌റ്റാർലിങ്ക്‌ വിഷയവും ഉയര്‍ന്നുവരും.

യഥാർഥ ഗുണഭോക്താവ്‌ 
അമേരിക്ക: പ്രകാശ്‌ കാരാട്ട്‌

ന്യൂഡൽഹി : സ്‌റ്റാർലിങ്ക്‌ രാജ്യസുരക്ഷ അപകടത്തിലാക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കോ–-ഓർഡിനേറ്റർ പ്രകാശ്‌കാരാട്ട്‌. സ്‌റ്റാർലിങ്ക്‌ നിയന്ത്രിക്കുന്നത്‌ അമേരിക്ക ആയതിനാൽ യഥാർഥ ഗുണഭോക്താവാകുന്നതും അമേരിക്കയാണ്‌.

സ്‌റ്റാർലിങ്ക്‌ രാജ്യത്തിന്റെ താൽപര്യങ്ങൾക്കും സുരക്ഷയ്‌ക്കും ഹാനികരമാണ്‌. സുപ്രധാന മാപ്പിങ്ങ്‌ വിവരങ്ങളും മറ്റും സ്‌റ്റാർലിങ്കിന്റെ കൈയിലാകുന്ന സാഹചര്യമുണ്ടാകും. ഉപഗ്രഹ ബ്രോഡ്‌ബാൻഡ്‌ ഇന്ത്യൻ സുരക്ഷാഏജൻസികൾക്കും സർക്കാർ ഏജൻസികൾക്കും മാത്രമായി മാറ്റിവയ്ക്കണമെന്നും പ്രകാശ്‌ കാരാട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home