സിഗാച്ചി അപകടം: ഫാക്ടറികളിൽ സുരക്ഷാ സംവിധാനം ഉറപ്പാക്കണം; സിഐടിയു

തെലുങ്കാന : തെലങ്കാനയിലെ സിഗാച്ചി മരുന്ന് നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് സിഐടിയു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് തെലുങ്കാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സിഐടിയു ജനറൽ സെക്രട്ടറി തപൻ സിങ് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ഇത്തരം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫാക്ടറികളിൽ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും സിഐടിയു പ്രസ്താവനയിലൂടെ അറിയിച്ചു.
തൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിനായി വ്യാവസായിക സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അപകടങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കാനും കേന്ദ്ര, സംസ്ഥാന തൊഴിൽ മന്ത്രാലയങ്ങളോടും ബന്ധപ്പെട്ട ഫാക്ടറി ഡയറക്ടറേറ്റുകളോടും സിഐടിയു ആവശ്യപ്പെടുന്നു. രാജ്യമെമ്പാടും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വ്യാവസായിക അപകടങ്ങളും ജീവഹാനിയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണകക്ഷികൾ തൊഴിലാളികളുടെ ജീവിതത്തോട് കാണിക്കുന്ന ഉദാസീനമായ സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും തപൻ സിങ് പ്രസ്താവനയിലൂടെ പറഞ്ഞു.
തിങ്കളാഴ്‌ച രാവിലെ 9.28നാണ് സംഗറെഡ്ഡി പശ്‍മിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലെ റിയാക്‌ടറിൽ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 90പേര്‍ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു.









0 comments