ജയിലിൽ കിടന്ന് മന്ത്രിയായി തുടരാനാവുമോ, വിവാദ ബില്ലിൽ ബിജെപി നീക്കത്തെ പിന്തുണച്ച് ശശി തരൂർ

tharoor
വെബ് ഡെസ്ക്

Published on Aug 20, 2025, 05:28 PM | 2 min read

ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസത്തിലധികം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുമെന്ന ഭരണഘടനാ ഭേദഗതി ലക്ഷ്യമാക്കുന്ന ബില്ലിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ.


പ്രതിപക്ഷപാർടികൾ ശക്തമായ പ്രതിഷേധവുമായി ഒരുമിച്ചപ്പോൾ പാർലമെന്റിൽ നിശ്ശബ്ദത പാലിച്ച് ശശി തരൂർ ഒഴിഞ്ഞു നിന്നു. പിന്നീട് ഇതിനെ ന്യായീകരിക്കയും ചെയ്തു.


“30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ” എന്ന് ഒരു ദേശീയ മാധ്യമത്തോട് ഇത് സംബന്ധിച്ച ചോദ്യത്തിൽ തരൂർ പ്രതികരിച്ചു. “എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല. ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്" എന്നായിരുന്നു വാക്കുകൾ.


ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനയുടെ നൂറ്റിമുപ്പതാം ഭേദഗതി ബിൽ 2025 പ്രകാരം തുടർച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഏതൊരു മന്ത്രിയും 31 ദിവസമായാൽ രാജിവെയ്ക്കുകയോ അല്ലെങ്കിൽ അവരെ പുറത്താക്കുകയോ ചെയ്യാം. മുഖ്യമന്ത്രിമാർക്ക് എതിരായ പുറത്താക്കൽ അധികാരം ഗവർണർമാരിലും ലെഫ്നെന്റ് ഗവർണർമാരിലും കേന്ദ്രീകരിക്കയും ചെയ്യുന്നു.


രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവർ മന്ത്രിമാരല്ലാതാകും. ഇതേരീതിയിൽ ശിക്ഷിക്കപ്പെടുന്ന മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വ്യവസ്ഥ ബാധകമാണ്‌.


ബില്ലിനെ കർക്കശവും ഭരണഘടനാവിരുദ്ധവും എന്നാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്.


സിബിഐക്കും ഇഡിക്കും സംസ്ഥാന സർക്കാരുകളെ "നേരിട്ട് അട്ടിമറിക്കാൻ" അനുവദിക്കുന്ന ബില്ലുകൾ എന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. "വോട്ട്-ചോറി തുറന്നുകാട്ടപ്പെടുമ്പോൾ, മോദി-ഷാ ദ്വയം പുതിയ തന്ത്രങ്ങൾ തേടുകയാണെന്നും പറഞ്ഞു.


ബിൽ ഫെഡറൽ ഘടനയെയും ജുഡീഷ്യറിയെയും മറികടക്കുന്നുവെന്ന് മഹുവ മൊയ്ത്ര എം പി വിലയിരുത്തി.



കോടതി ശിക്ഷിച്ചാൽ മാത്രമേ ഒരാൾ കുറ്റവാളിയാകൂ. അതുവരെ അവർ ഒരു വിചാരണ തടവിലാണ്. വെറും ആരോപണത്തിന്റെ പേരിൽ നിങ്ങൾക്ക് ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ നീക്കം ചെയ്യാൻ കഴിയുമോ എന്ന് ടിഎംസി രാജ്യസഭാ നേതാവ് ഡെറക് ഒബ്രയൻ ചോദിച്ചു.


കഴിഞ്ഞ 11 വർഷത്തിനിടയിൽ ബിജെപിയുടെ ഏതെങ്കിലും കേന്ദ്ര/സംസ്ഥാന മന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ അറസ്റ്റുകളും നടപടികളും പ്രതിപക്ഷ നേതാക്കൾക്ക് എതിരായിരുന്നു എന്ന് രാജ്യസഭാ എംപി സാകേത് ഗോഖലെ ചൂണ്ടികാട്ടി.


മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തിയത്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് അവതരിപ്പിച്ചത്.



Related News


ജെപിസിക്ക് വിട്ട് പ്രതിഷേധം ഒതുക്കി


പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ വൈകിട്ട് അഞ്ചുമണി വരെ നിര്‍ത്തിവെച്ചു. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാര്‍ലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


ലോക് സഭയിലെയും രാജ്യ സഭയിലെയും അംഗങ്ങള്‍ ചേര്‍ന്നതാണ് ജെപിസി. ജെപിസിയുടെ നിര്‍ദേശങ്ങള്‍ ഉപദേശക സ്വഭാവമുള്ളതാണ്. അവ സര്‍ക്കാര്‍ പാലിക്കണമെന്ന നിഷ്കർഷയില്ല. 



deshabhimani section

Related News

View More
0 comments
Sort by

Home