സംഭൽ ജുമാ മസ്ജിദ്: വാദം കേൾക്കുന്നത് 28ലേക്ക് മാറ്റി

ലക്‌നൗ : ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് തർക്കത്തിൽ വാദം കേൾക്കുന്നത് 28 ലേക്ക് മാറ്റി ചന്ദൗസി കോടതി. വ്യാഴാഴ്‌ച കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കേസ് കേൾക്കാനാവില്ലെന്ന് ഹിന്ദുത്വ കക്ഷികൾ വാദിച്ചു. ഇതേതുടർന്നാണ് 28ലേക്ക് കേസ് മാറ്റിയത്.
മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയിൽ കേസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തിരുന്നു. കോടതി മേൽനോട്ടത്തിൽ സർവേ നടത്താൻ അനുമതി നൽകിയ വിചാരണ കോടതിയുടെ ഉത്തരവ് മെയ് 19 ന് ഹൈക്കോടതി ശരിവയ്ക്കുകയും വിഷയത്തിൽ മുന്നോട്ട് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
നിലവിലുള്ള ഒരു ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ 2024 നവംബർ 19-ന് സംഭൽ ജില്ലാ കോടതിയിൽ കേസ് നൽകിയതോടെയാണ് ചരിത്രപ്രസിദ്ധമായ ഷാഹി ജുമാ മസ്ജിദിൽ കലാപമുണ്ടായത്. ഹർജി അംഗീകരിച്ച സംഭൽ സിവിൽ കോടതി സർവേയ്‌ക്ക് ഉത്തരവിട്ടു. നവംബർ 24 ന് നടന്ന സർവേ കലാപത്തിലേയ്‌ക്കും നാല് മുസ്‌ലീം യുവാക്കളെ പൊലീസ് വെടിവെച്ചുകൊല്ലുന്നതിലേയ്‌ക്കും നയിച്ചിരുന്നു.
ചരിത്രസ്‌മാരകമായി വിജ്ഞാപനം ചെയ്‌തിരിക്കുന്ന ഷാഹി ജുമാ മസ്ജിദ് ഹിന്ദുക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ബാബർ 1529-ൽ നിർമിച്ചതെന്നാണ് ഹർജിക്കാരുടെ അവകാശവാദം. ജ്ഞാൻവാപി കേസിൽ തീവ്രഹിന്ദുത്വ സംഘടനകൾക്ക് വേണ്ടി ഹാജരായ ഹരിശങ്കർ ജയിനും ഇതിൽ ഉൾപ്പെടും. ശ്രീ ഹരി ഹർ ക്ഷേത്രമാണ് തകർക്കപ്പെട്ടതെന്നും ഇവർ അവകാശപ്പെട്ടു. 1991ലെ ആരാധനാലയ നിയമം മൂലം സംരക്ഷിക്കപ്പെട്ടിരിക്കുന്ന പള്ളിയാണ് ഷാഹി മസ്ജിദ്.









0 comments