കശ്മീരിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിവയ്പ്

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ പാകിസ്ഥാന്റെ വെടിവയ്പ്. ഇന്നലെ രാത്രിയോടെയാണ് നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഹൽഗാമിലൈ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയുള്ള നടപടി പ്രദേശത്ത് ആശങ്കയുളവാക്കിയിട്ടുണ്ട്. ആക്രമണം നടന്ന ശേഷം ഇത് രണ്ടാം തവണയാണ് പാക് സൈന്യം വെടിയുതിർക്കുന്നതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്കപ്പുറത്ത് പലയിടങ്ങളിൽ നിന്ന് വെടിവയ്പുണ്ടായതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. വെടിവയ്പ്പിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വെടിവയ്പ്പിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
25, 26 തിയതികളിൽ രാത്രിയിൽ, കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്നും പ്രകോപനമില്ലാതെ ചെറിയ വെടിവയ്പ്പ് നടത്തി. ഇന്ത്യൻ സൈന്യം ഉചിതമായി തിരികെ പ്രതികരിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,- സൈന്യം പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പീർപഞ്ചാൽ വന മേഖലയിലാണ് സംയുക്ത സേന തിരച്ചിൽ നടത്തുന്നത്. ഭീകരരുടെ വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിലെ ബന്ദിപ്പോരയിലും കഴിഞ്ഞ ദിവസം സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരു ഭീകരനും രണ്ട് സുരക്ഷാ സേനാംഗത്തിനും പരിക്കേറ്റു.









0 comments