ജാർഖണ്ഡിൽ ഖനിയുടെ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
ധൻബാദ് : ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ കൽക്കരി ഖനിയുടെ മതിൽ എണ്ണ ടാങ്കറിന് മുകളിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാായ കെൻഡുവയിലെ രജപുത് ബസ്തി നിവാസി ദീപക് പാണ്ഡെ (25) ആണ് മരിച്ചത്. ഗണേഷ് മഹാതോ, കിഷോർ മഹാതോ എന്നിവർക്ക് പരിക്കേറ്റു. പുട്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖനന മേഖലയിലാണ് അപകടം ഉണ്ടായത്.
എർത്ത്മൂവർ മെഷീനുകൾ നിറയ്ക്കാനായാണ് ഓയിൽ ടാങ്കർ ഖനിയിലേക്ക് പോയത്. ഇവിടെവച്ച് ഖനിയുടെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞ് ടാങ്കറിന് മുകളിലേക്ക് പതിച്ചു. തുടർന്ന് ടാങ്കർ മറിയുകയും അവശിഷ്ടങ്ങൾ പൂർണമായി വാഹനത്തിന് മുകളിൽ പതിക്കുകയും ചെയ്തതായി പുട്കി പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് വഖാർ ഹുസൈൻ പറഞ്ഞു.
ടാങ്കറിന് സമീപം നിൽക്കുകയായിരുന്നു ദീപക്. വാഹനത്തിന്റെ ഉള്ളിലായിരുന്ന ഗണേഷിനെയും കിഷോറിനെയും പ്രദേശത്തെ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. ദീപക്കിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ധൻബാദിലെ ഷഹീദ് നിർമ്മൽ മഹാതോ മെഡിക്കൽ കോളേജിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കമ്പനി അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.









0 comments