റഷ്യയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ കമീഷൻ ചെയ്തു

PHOTO CREDIT: INDIAN NAVY
ന്യൂഡൽഹി: നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ റഷ്യയിൽ കമീഷൻ ചെയ്തു. റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലായിരുന്നു ഐഎൻഎസ് തമാലിന്റെ നിർമാണം. ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയ അവസാനത്തെ വിദേശ നിർമിത യുദ്ധക്കപ്പലാണ് തമാൽ. ഇനി നാവിക സേനയ്ക്കായുള്ള യുദ്ധക്കപ്പലുകൾ ഇന്ത്യ തദ്ദേശീയമായാകും വികസിപ്പിക്കുക.
തൽവാർ ക്ലാസിലെ (പ്രോജക്റ്റ് 1135.6 പരമ്പര) എട്ടാമത്തെ കപ്പലാണിത്. തുഷിൽ-ക്ലാസ് ഫ്രിഗേറ്റുകളിൽ രണ്ടാമത്തെ കപ്പലാണ് തമാൽ. ഈ ക്ലാസിലെ മുൻ ഏഴ് കപ്പലുകളും വെസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള നാവികസേനയുടെ വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ്. റഷ്യൻ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിർമാണം നടന്നത്. 125 മീറ്റർ നീളവും 3900 ടൺ ഭാരവുമുള്ള യുദ്ധക്കപ്പലിൽ ഇന്ത്യയുടെയും റഷ്യയുടെയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചിട്ടുണ്ട്.
ഡ്യുവൽ-റോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഉപരിതല-വായു മിസൈലുകൾ, 100 മില്ലീമീറ്റർ മെയിൻ ഗൺ, 30 മില്ലീമീറ്റർ ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റംസ്, ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചറുകൾ, ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആണവ, ജൈവ, രാസ (എൻബിസി) പ്രതിരോധത്തിനായുള്ള നൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ, സംരക്ഷിത നിയന്ത്രണ പോസ്റ്റുകളിൽ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്ന അഗ്നിശമന സംവിധാനങ്ങൾ എന്നിവയും കപ്പലിലുണ്ട്.
കപ്പലിൽ 250ൽ അധികം ജീവനക്കാരുള്ളതായാണ് വിവരം. സെന്റ് പീറ്റേഴ്‌സ്ബർഗിലെയും കലിനിൻഗ്രാഡിലെയും വെല്ലുവിളി നിറഞ്ഞ ശൈത്യകാല സാഹചര്യങ്ങളിൽ പരിശീലനം നേടിയവരാണ് ഇവർ. ഗണ്ണറി, മിസൈൽ യുദ്ധങ്ങളിൽ വിദഗ്ധനായ ക്യാപ്റ്റൻ ശ്രീധർ ടാറ്റയാണ് യുദ്ധക്കപ്പലിന്റെ കമാൻഡർ. കമീഷനിംഗ് ചടങ്ങിൽ കപ്പലിലെ ജീവനക്കാരുടെയും റഷ്യയുടെ ബാൾട്ടിക് നാവിക കപ്പലിന്റെയും സംയുക്ത ഗാർഡ് ഓഫ് ഓണർ ഉണ്ടായിരുന്നു.









0 comments