ഡൽഹി വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു: വൈകിയത് 800ലധികം വിമാനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
സാങ്കതിക തകരാർ മൂലം വിമാനത്താവളത്തിലേക്ക് എത്തേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് ഇന്നലെ വൈകിയത്. വെള്ളിയാഴ്‌ച വൈകുന്നേരം വരെ 800ലധികം വിമാനങ്ങൾ വൈകിയെന്നാണ് റിപ്പോർട്ട്. ഓട്ടോമേറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിനുണ്ടായ(എഎംഎസ്‌എസ്) സാങ്കേതിക തകരാറാണ് വിമാനങ്ങൾ വൈകിയതിന് കാരണം.
എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിന്റെ ഭാഗമായ സംവിധാനമാണ് എഎംഎസ്‌എസ്. ഡൽഹിയിലുണ്ടായ സാങ്കതിക തകരാർ രാജ്യത്താകമാനമുള്ള വിമാനത്താവളങ്ങളെയും സർവീസുകളെയും ബാധിച്ചു. വെള്ളിയാഴ്‌ച പുലർച്ചയോടെയാണ് വിമാന സർവീസുകൾ വൈകി തുടങ്ങിയത്. പ്രതിദിനം 1,550നടുത്ത് വിമാന സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവാളമാണ് ഡൽഹിയിലേത്.









0 comments