ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റാൻ കേന്ദ്രം ഇടപെട്ടു; വെളിപ്പെടുത്തി സുപ്രീംകോടതി മുന്‍ ജഡ്ജ് മദൻ ബി ലോകൂർ


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:15 AM | 1 min read
ന്യൂഡൽഹി: സംഘപരിവാർ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള വടക്കുകിഴക്കൻ ഡൽഹി കലാപക്കേസില്‍ അതിശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ അന്നത്തെ ഡൽഹി ഹൈക്കോടതി ജഡ്‌ജി എസ് മുരളീധർ സ്ഥലംമാറ്റപ്പെട്ടെന്ന് വെളിപ്പെടുത്തി വിരമിച്ച സുപ്രീംകോടതി മുന്‍ ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോകൂര്‍. ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ ഒന്നിലേറെ തവണ സുപ്രീംകോടതി കൊളീജിയത്തിൽ സമ്മർദം ചെലുത്തിയെന്നാണ് കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ലോകൂറിന്റെ വെളിപ്പെടുത്തല്‍.
ഡൽഹി കലാപക്കേസില്‍ നിര്‍ഭയ നിലപാട് സ്വീകരിച്ചതിനാല്‍ ജസ്റ്റിസ് മുരളീധര്‍ "ഗുരുതര പ്രത്യാഘാതം' നേരിട്ടുവെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി അഭയ് എസ് ഓക നേരത്തെ തുറന്നുപറഞ്ഞിരുന്നു. "(ഇൻ)കംപ്ലീറ്റ് ജസ്റ്റിസ്? സുപ്രീംകോർട്ട് അറ്റ് 75’ എന്ന പുസ്‌തകത്തിലെ ലേഖനത്തിലൂടെ ജസ്റ്റിസ് മദൻ ബി ലോകൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ‘ഒരു വിധിയുടെ പേരിൽ ജസ്റ്റിസ് മുരളീധറിനെ ഡൽഹിയിൽനിന്ന് സ്ഥലംമാറ്റണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. എന്നാൽ വിധി പറയുന്നത് സ്ഥലംമാറ്റത്തിന് കാരണമല്ലെന്ന് കാട്ടി ഞാൻ വിയോജിച്ചു. ചീഫ് ജസ്റ്റിസ് നിലപാട് അംഗീകരിച്ചു. ഞാൻ വിരമിച്ചതിനുശേഷം (2018, ഡിസംബര്‍) സ്ഥലംമാറ്റം ആവശ്യം വീണ്ടും ഉയർന്നുവന്നു. അന്ന് കൊളീജിയത്തിൽ ഉണ്ടായിരുന്ന ജസ്റ്റിസ് എ കെ സിക്രി ഈ നീക്കത്തെ എതിര്‍ത്തു. എന്നാല്‍ സിക്രി വിരമിച്ച ശേഷം മുരളീധറിനെ പഞ്ചാബ്– ഹരിയാന ഹൈക്കോടതിയിലേക്ക് ഏകപക്ഷീയമായി മാറ്റി’– ലേഖനത്തില്‍ ലോകൂർ വെളിപ്പെടുത്തി.
ഡൽഹി കലാപത്തിൽ സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാൻ തയ്യാറാകാത്ത ഡൽഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മുരളീധർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് (2020, ഫെബ്രുവരി 26) അദ്ദേഹം സ്ഥലംമാറ്റപ്പെട്ടത്. ഡല്‍ഹിയില്‍ ഇനിയുമൊരു ‘1984’ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും ഉത്തരവില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് അപ്രിയമായ ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം ജഡ്‌ജി സ്ഥലംമാറ്റപ്പെട്ടത് അന്ന് ഏറെ വിവാദത്തിനും ചര്‍ച്ചയ്‌ക്കും വഴിവച്ചു. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ജഡ്‌ജിയെ സ്ഥലംമാറ്റിയ രീതിയെ വിമര്‍ശിച്ച് പ്രമേയം പാസ്സാക്കി. 2023ൽ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുരളീധർ വിരമിച്ചു.








0 comments