ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: നാഗ്പൂരിൽ അടിയന്തര ലാൻഡിങ്

നാഗ്പൂർ : ബോംബ് ഭീഷണിയെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് നാഗ്പൂരിൽ അടിയന്തര ലാൻഡിങ്. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് നാഗ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഔദ്യോഗിക ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
രാവിലെ 9.31നാണ് വിമാനം കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. മസ്‌കറ്റിൽ നിന്ന് കൊച്ചിയിൽ എത്തിയ ഇൻഡിഗോ വിമാനമാണ് പിന്നീട് ഡൽഹിയിലേക്കുള്ള ആഭ്യന്തര സർവീസായി ഷെഡ്യൂൾ ചെയ്തത്. ഇതിനാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി സാഹചര്യം വിലയിരുത്തി.
തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് അടിയന്തര സുരക്ഷാ പരിശോധനകൾക്കായി വിമാനം നാഗ്പൂരിൽ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. ലാൻഡിങ്ങിന് ശേഷം, വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സിയാൽ അറിയിച്ചു. പരിശോധന നടത്തിയെന്നും വിമാനത്തിനുള്ളിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഡൽഹിയിലേക്കുള്ള യാത്ര പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.









0 comments