കാത്തിരിക്കേണ്ട; ബാങ്ക് ചെക്കുകൾ അതാത് ദിവസം തന്നെ പാസാകും, നാളെ മുതൽ പുതിയ രീതി

bank Cheques
വെബ് ഡെസ്ക്

Published on Oct 03, 2025, 11:42 AM | 1 min read

തിരുവനന്തപുരം: ബാങ്കിൽ കൊടുത്ത ചെക്ക് പാസാകാനുള്ള കാത്തിരിപ്പിന്റെ കണക്ക് ഇനി മറക്കാം. രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും. റിസർവ് ബാങ്കിന്റെ നിർദേശം അനുസരിച്ച് ഒക്ടോബർ നാല് മുതലാണ് പുതിയ രീതി നടപ്പാകുന്നത്. എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം നാളെ മുതൽ നിർദേശം നടപ്പിലാക്കും.


പുതിയ നയമനുസരിച്ച്‌ ബാങ്കിലേൽപ്പിക്കുന്ന ചെക്ക്, ബാങ്കുകൾ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ ചെക്കുകൾ സ്‌കാൻ ചെയ്ത് അന്നേദിവസം വൈകിട്ട് ഏഴിന് മുൻപ് ക്ലിയർ ചെയ്തിക്കണം. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന്‌, അത്‌ സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട്‌ ഏഴിനുമുമ്പ് തീരുമാനിക്കണം. അല്ലാത്തപക്ഷം അവ അംഗീകരിച്ചതായി കണക്കാക്കും. സെറ്റിൽമെന്റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. ചെക്ക് നൽകിയ ആളിന്റെ അക്കൗണ്ടിൽ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം.


നിലവിൽ മിക്ക ബാങ്കുകളും കുറഞ്ഞത് രണ്ടു പ്രവൃത്തിദിവസമെടുത്താണ് ഇടപാടുകാരന്റെ അക്കൗണ്ടിൽ പണമെത്തിക്കുന്നത്. ഇടപാടുകാർ ശാഖകളിൽ സമർപ്പിക്കുന്ന ചെക്കുകൾ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് നിലവിൽ മാറ്റിയെടുക്കുന്നത്. ഒരുദിവസം നിശ്ചിതസമയത്തിനുള്ളിൽ ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് സ്കാൻ ചെയ്ത് (ബാച്ച് പ്രോസസിങ്) ക്ലിയറിങ്ങിന് അയക്കുകയാണ്. ചെക്ക് ലഭിക്കുമ്പോൾത്തന്നെ സ്കാൻ ചെയ്ത് സിടിഎസിലൂടെ ക്ലിയറിങ്ങിന് അയക്കുന്നതായിരിക്കും പുതിയ സംവിധാനം.


2026 ജനുവരി മൂന്നുമുതലുള്ള രണ്ടാംഘട്ടത്തിൽ, ചെക്ക് ലഭിച്ച് മൂന്നുമണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണം. അതായത് രാവിലെ 10നും 11നുമിടയ്ക്ക് ലഭിക്കുന്ന ചെക്കിൽ ഉച്ചയ്ക്ക് രണ്ടിനുമുമ്പ് തീരുമാനമാകണം. ഇങ്ങനെ മൂന്നുമണിക്കൂറിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ അംഗീകരിച്ചതായി കണക്കാക്കി തീർപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home