ad
Deshabhimani

അയോധ്യ ക്ഷേത്രക്കൊള്ള: തട്ടിപ്പ് സംഘാംഗങ്ങളെ നിയമിച്ചതും കോഴ വാങ്ങി

ayodhya
വെബ് ഡെസ്ക്

Published on Jul 02, 2026, 02:24 PM | 3 min read

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളും കാണിക്ക വസ്തുക്കളും സംഘടിതമായി കൊള്ള ചെയ്ത കേസിൽ തുടക്കം മുതലുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ വിവരങ്ങൾ ഓരോന്നായി പുറത്തെത്തുന്നു. സംഭാവന തട്ടിപ്പിന് പുറമേ ക്ഷേത്രത്തിലലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയതായുള്ള ഗുരുതരമായ വിവരങ്ങളും ഇപ്പോൾ പൊലീസ് അന്വേഷണ പരിധിയിൽ എത്തി.


ഓരോ തസ്തികകളിലും മോഷണ സാധ്യതകൾ തുറന്നിട്ട് വരുമാന സാധ്യത വരെ നിശ്ചയിച്ച് വൻ തുക മുൻകൂര്‍ വാങ്ങിയാണ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്ര പരിപാലനത്തിനായി നിയമനങ്ങൾ നടത്തിയത്. ഇക്കാര്യത്തിൽ ട്രസ്റ്റ് നേതൃത്വം മുതൽ സെക്യൂരിറ്റി ഏജൻസിവരെ എത്തുന്ന ശൃംഖലയുടെ വിവരങ്ങൾ മൂടിവെക്കാനാവാതെ പുറത്തെത്തുകയാണ്.


കേസിൽ അറസ്റ്റിലായ പ്രതി അവിനാഷ് ശുക്ലയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിയമന കോഴയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ ക്ഷേത്ര ട്രസ്റ്റിലെ ഒരു പ്രമുഖ അംഗത്തിന്റെ പേര് ആവർത്തിച്ച് ഉയർന്നുവന്നതായാണ് സൂചന.



125 ഓളം നിയമനങ്ങൾ

നിയന്ത്രണം ട്രസ്റ്റ് അംഗത്തിന്റെ ബന്ധുക്കൾക്ക്


ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ തസ്തികകളിൽ ഇതിനകം നൂറ്റമ്പതോളം പേരെ നിയമിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ ഭൂരിഭാഗം പേരും പണം നൽകിയാണ് ജോലി നേടിയതെന്ന് വെളിപ്പെടുത്തൽ ഉണ്ടായി. നിയമനം ലഭിച്ച പലരുടെയും സർവീസ് എഗ്രിമെന്റുകളോ, ഔദ്യോഗിക നിയമന ഉത്തരവുകളോ ക്ഷേത്ര റെക്കോർഡുകളിൽ കണ്ടെത്താൻ അന്വേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ആരുടെയോ നിർദ്ദേശപ്രകാരം ഈ നിയമനങ്ങൾ ആരൊക്കെയോ ചേര്‍ന്ന് നടത്തുകായിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ടിൽ വ്യക്തമാുന്നത്.


നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളായ അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര എന്നിവർക്ക് ഈ നിയമന റാക്കറ്റിൽ വലിയ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. അന്വേഷണ നിഴലിലുള്ള ട്രസ്റ്റിലെ ഉന്നതനായ അനിൽ മിശ്രയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. ഇവരെ സംഘത്തിൽ കൊണ്ടുവന്നതും മിശ്രയുടെ താത്പര്യമാണ്. മുതിര്‍ന്ന ആര്‍ എസ് എസ് നേതാവും രാമക്ഷേത്ര പ്രതിഷ്ഠാപന ചടങ്ങിന്റെ യജമാൻ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ച വ്യക്തിയുമാണ് ഈ ട്രസ്റ്റ് അംഗം മിശ്ര.


ട്രസ്റ്റ് ജനറൽ സെക്രട്ടറിയും തല മുതിര്‍ന്ന ആര്‍ എസ് എസ് നേതാവുമായ ചമ്പത് റായിയുടെ ഡ്രൈവറും വിശ്വസ്ത സേവകനുമായ രാം ശങ്കര്‍ യാദവ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി വൻ ഹോട്ടൽ സമുച്ചയങ്ങൾ ഉൾപ്പെടെ 50 കോടിയിൽ അധികം വരും. ടിന്നു യാദവ് എന്നു കൂടി അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നോട്ട് എണ്ണലും നിയമനവും എല്ലാം. ഭണ്ഡാരങ്ങളുടെ താക്കോലും ഇയാളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


ജോലി ലഭിച്ച ജീവനക്കാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കുകയാണ്. നിയമനത്തിന് മുന്നോടിയായും ശേഷവും നടന്ന ഡിജിറ്റൽ/ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ഭൂമി വാങ്ങലുകളും മറ്റ് നിർമ്മാണ സാമഗ്രികളുടെ സംഭരണവും കൂടി ഇപ്പോൾ സംശയ നിഴലിലാണ്. നേരത്തെ തന്നെ ഇവ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ രാഷ്ട്രീയമെന്നും വ്യാജമെന്നും തള്ളുകയായിരുന്നു.


ബാങ്ക് ജീവനക്കാരുടെ ഇവിടേക്കുള്ള

നിയമനത്തിലും സംശയം


രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ കൈകാര്യം ചെയ്യുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയാണ്. ഈ ബ്രാഞ്ചിലേക്ക് ജീവനക്കാരെ വിതരണം ചെയ്ത സ്വകാര്യ ഏജൻസിയുടെ നിയമനങ്ങളും ഇപ്പോൾ സംശയനിഴലിലാണ്. ക്ഷേത്ര വരുമാനം കൈകാര്യം ചെയ്യുന്നതിനുള്ള ബാങ്കിലെ താല്ക്കാലിക ജീവനക്കാരുടെ നിയമനത്തിലും ട്രസ്റ്റ് ഭാരവാഹികൾ ഇടപെട്ടിട്ടുണ്ട്. ഇവ പൊലീസ് പരിശോധിക്കുന്നു. സുരക്ഷാ ചുമതലയിലുള്ള വാരാണസി കേന്ദ്രമായ സൈനിക് സെക്യൂരിറ്റി ഏജൻസിയുടെ പ്രവര്‍ത്തങ്ങൾക്ക് പിന്നിൽ ആരാണെന്ന ചോദ്യവും ഉയരുന്നു. തങ്ങൾ നിയമിച്ചത് വെറും ഹൗസ് കീപ്പിങ് ജീവനക്കാരെ മാത്രമാണ് എന്നാണ് ഇപ്പോൾ വിശദീകരണം. പിന്നീട് ഈ നിയമനങ്ങൾ ക്ഷേത്രത്തിലേക്കുള്ള സകല സമ്പത്തിലേക്കുമുള്ള പ്രവേശനം എന്നായി.


ക്യൂ ആര്‍ കോഡ് പതിപ്പിച്ച ഭണ്ഡാരം സ്ഥാപിച്ച് വരെ തട്ടിപ്പ് നടന്നിട്ടുണ്ട്. കേസിലെ പ്രതിയായ അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാമരാജ് കോശ് എന്നെഴുതി തടിയിൽ മനോഹരമായി നിര്‍മ്മിച്ച കാണിക്കപ്പെട്ടിയാണ്. ഇതിൽ കോഡ് സ്കാൻ ചെയ്ത് പണം കൈമാറാം. ഇത് ആരുടെ അക്കൗണ്ടിലേക്ക് പോയി എന്നതും വ്യക്തം. എല്ലാവരും ചേര്‍ന്ന സമാന്തര തട്ടിപ്പ് സാമ്രാജ്യം തന്നെ തീര്‍ത്ത സാഹചര്യമായിരുന്നു.


പ്രതികളായ ലവ് കുഷ് മിശ്ര, അവിനാഷ് ശുക്ല, രമാശങ്കർ യാദവ് ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഒരേസമയം പോലീസ് റെയ്ഡ് നടത്തി. പ്രതികളിൽ നിന്ന് ഇതുവരെ 80 ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ ഒരു വിഹിതം കേസ് പോലും ചുമത്തുന്നതിന് മുൻപ് കണ്ടെടുത്തതാണ്. അതായത് പൊലീസ് പരാതി ഉയരുന്നതിന് മുൻപ് തന്നെ മോഷണം വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് കേസ് എടുക്കാതെ സ്വന്തം നിലയ്ക്ക് ചിലര്‍ റിക്കവറി നടപടി നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ഫൂട്ടേജ് വരെ പുറത്തെത്തി.


ayodhya

ഇതിനിടെ ട്രസ്റ്റിലെ മറ്റൊരു ആര്‍ എസ് എസ് പ്രതിനിധിയായ ഗോപാൽ റാവുവും ആരോപണ നിഴലിലായതോടെ രാജി സന്നദ്ധതയുമായി രംഗത്തുണ്ട്. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം ആര്‍ എസ് എസ് സര്‍വ്വ കാര്യവാഹ് ദത്താത്രേയ ഹൊസബല്ലെയുടെ ഉറ്റ അനുയായിയാണ്. ട്രസ്റ്റിലെ അനൗദ്യോഗിക അംഗമായിട്ടും ഇദ്ദേഹം ഇടക്കാലത്ത് ക്ഷേത്രം മാനേജരായി മാറി. മാനേജര്‍ ഇപ്പോൾ പദവിയിൽ ഇല്ലെന്ന വിശദീകരണമാണ് നൽകുന്നത്.


d



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home