കിടിലനാണ് പോപ്പിയുടെ ജംബർ സർവീസിങ്

ഏഷ്യൻ വോളിബോൾ കോൺഫെഡറേഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പോപ്പിയുടെ ജംബർ സർവീസിങ് ചിത്രം
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Jul 03, 2026, 01:15 AM | 1 min read
കുന്നമംഗലം
ഏഷ്യൻ വോളിബോൾ കോൺഫെഡറേഷന്റെ വെബ്സൈറ്റിൽ ഇടംനേടി മലയാളി വോളിതാരത്തിന്റെ ജംബർ സർവീസിങ്. തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ കപ്പിനായുള്ള മത്സരത്തിൽ ഇന്ത്യൻ അണ്ടർ 18 ഗേൾസ് വോളിബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായ കുന്നമംഗലം സ്വദേശി പോപ്പി(ശ്രീവർണിത –16 )യുടെ ജംബർ സർവീസിങ്ങാണ് വെബ്‌സൈറ്റിൽ ഇടംനേടിയത്. ബുധനാഴ്ച നടന്ന ഇന്ത്യ– കൊറിയ മത്സരത്തിലെ സർവീസിങ്ങാണ് പകർത്തിയത്.
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പോപ്പി. ജംബർ സർവീസിലെ പ്രാഗത്ഭ്യമാണ് എവിസി കപ്പിലേക്ക് വഴിയൊരുക്കിയത്. ആറാം ക്ലാസ് മുതൽ വോളിബോൾ കളിക്കുന്നുണ്ട്. ശ്രീവർണിതയുടെ അമ്മ അഞ്ജിതയുടെ അച്ഛൻ ചന്ദ്രൻ പഴയ വോളിബോൾ താരമായിരുന്നു.
കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാദമിയിലെ കോച്ച് സി യൂസഫിന്റെ പരിശീലനത്തിലൂടെയാണ് ശ്രീവർണിത വളർന്നത്. 2025 ലെ സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിലും സ്പോർട്‌സ് കൗൺസിൽ ചാമ്പ്യൻഷിപ്പിലും മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ ദേശീയമത്സരത്തിൽ പങ്കെടുത്തു. ബറൈലിയിൽ നടന്ന ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ നിന്നും വേൾഡ് സ്കൂൾ ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പാറ്റേൺ അക്കാദമിയിലെയും കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ പ്രജിത്തിന്റെയും പരിശീലനമാണ് ശ്രീവർണിതയെ ദേശീയ താരമാക്കിയത്. ഇഷ്ട നമ്പറായ ആറാം നമ്പർ ഇന്ത്യൻ ജഴ്സിയിലാണ് ഇവൾ കളിക്കുന്നത്.
എന്താണ് ജംബർ സർവീസിങ്
വോളിബോളിലെ ഏറ്റവും ആക്രമണാത്മക സർവീസിങ് രീതിയാണിത്. പന്ത് ഉയർത്തി എറിഞ്ഞ് കളിക്കാർ വായുവിൽ ഉയർന്നുചാടി ശക്തമായ സ്‌മാഷിലൂടെ എതിർ കോർട്ടിലേക്ക് സർവീസ്‌ചെയ്യുന്നതാണ് രീതി. സർവീസ് പോയിന്റ് നേടാനുള്ള സാധ്യത കൂടുതലാണ്. എതിർ ടീമിന് പ്രതിരോധം കനക്കും. പാസിങ്ങിനുള്ള അവസരം കുറയും.











0 comments