ഭരണഘടനാ ഭേദഗതി പാസാക്കൽ എളുപ്പമല്ല

ഭരണഘടനാ ഭേദഗതി ; ലക്ഷ്യം പ്രതിപക്ഷവേട്ട

 amendment bill
avatar
എം പ്രശാന്ത്‌

Published on Aug 21, 2025, 02:37 AM | 2 min read


ന്യൂഡൽഹി

സിബിഐ, ഇഡി തുടങ്ങിയ കേന്ദ്രഏജൻസികളെ ദുരുപയോഗിച്ച്‌ പ്രതിപക്ഷ പാർടികളെയും നേതാക്കളെയും വേട്ടയാടുന്നതിന്റെ തുടർച്ചയായാണ്‌ മുഖ്യമന്ത്രിമാരെയും സംസ്ഥാന മന്ത്രിമാരെയും പുറത്താക്കാൻ ഗവർണർമാർക്ക്‌ അധികാരം നൽകിയുള്ള നിയമനിർമാണത്തിനുള്ള മോദി സർക്കാരിന്റെ നീക്കം.


കേന്ദ്രഏജൻസികൾ വേട്ടയാടുന്ന ഘട്ടത്തിലും അതിനെ രാഷ്‌ട്രീയമായി നേരിട്ട്‌ പ്രതിപക്ഷത്തെ പല നേതാക്കളും മുഖ്യമന്ത്രിസ്ഥാനത്തും മന്ത്രിസ്ഥാനത്തും തുടർന്നത്‌ പലപ്പോഴും ബിജെപിയുടെ ഗൂഢലക്ഷ്യങ്ങൾക്ക്‌ തിരിച്ചടിയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ്‌ പുതിയ ബില്ലുകൾ.


ഒന്നും രണ്ടും മോദി സർക്കാരുകളുടെ കാലത്ത്‌ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർടി നേതാക്കളെ കേന്ദ്രഏജൻസികൾ വേട്ടയാടിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെയും മന്ത്രിമാരായ മനീഷ്‌ സിസോദിയ, സത്യേന്ദ്ര ജയിൻ തുടങ്ങിയവരെയും, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറനെയും ഇഡി കേസിൽ കുടുക്കി ജയിലിലടച്ചു. കെജ്‌രിവാൾ അഞ്ചുമാസവും സിസോദിയ 17 മാസവും സത്യേന്ദ്ര ജയിൻ രണ്ട്‌ വർഷത്തിലേറെയും കസ്റ്റഡി തടവിൽ കിടന്നു. അഞ്ചുമാസത്തോളമാണ്‌ ഹേമന്ദ്‌ സോറന്‌ ജയിലിൽ കഴിയേണ്ടി വന്നത്‌.


ജയിലിലായശേഷവും കെജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടർന്നു. കേസിൽ ജാമ്യം ലഭിച്ച്‌ പുറത്തുവന്നതിന്‌ ശേഷം മാത്രമാണ്‌ രാജിവച്ചത്‌. സത്യേന്ദ്ര ജയിനും ജയിലിലായ ഘട്ടത്തിൽ മന്ത്രിയായി തുടർന്നു. സിസോദിയയും തുടക്കത്തിൽ രാജിവച്ചില്ല. അറസ്റ്റിനെതിരായ ഹർജി സുപ്രീംകോടതി തള്ളിയശേഷമായിരുന്ന രാജി. പുതിയ ബിൽ നിലവിൽ വന്നാൽ ജയിലിലാകുന്ന ഏതു മുഖ്യമന്ത്രിയും മന്ത്രിയും 31–ാം ദിവസം പുറത്താകും.


പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഏതെങ്കിലും കേന്ദ്രഏജൻസിയെക്കൊണ്ട്‌ അനായാസം കള്ളക്കേസെടുപ്പിക്കാം. പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നത്‌ തന്നെയാണ്‌ ലക്ഷ്യം. ബില്ലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തിയതും ബോധപൂർവം. ഭരണകക്ഷി നേതാക്കൾക്കെതിരായി നീങ്ങാൻ ആരും ധൈര്യപ്പെടില്ലെന്നത്‌ തീർച്ച.


പ്രതിഷേധവുമായി 
പ്രതിപക്ഷ പാർടികൾ

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ കൊണ്ടുവന്ന വിവാദ ഭരണഘടന ഭേദഗതി ബില്ലിനെതിരായി പ്രതിപക്ഷ പാർടികൾ ശക്തമായി രംഗത്ത്‌. ജനാധിപത്യവിരുദ്ധ ബില്ലുകളെ പാർലമെന്റിലും പുറത്തും ശക്തമായി എതിർക്കുമെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷനേതാവ്‌ രാഹുൽഗാന്ധി, സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ആർജെഡി പ്രസിഡന്റ്‌ തേജസ്വി യാദവ്‌, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എഎപി നേതാവ്‌ സ‍ൗരവ്‌ ഭരദ്വാജ്‌, ഡിഎംകെ നേതാവ്‌ കനിമൊഴി തുടങ്ങിയ നേതാക്കൾ ബില്ലിനെതിരെ ആഞ്ഞടിച്ചു.


പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബില്ലിൽ ഉൾപ്പെടുത്തിയത്‌ ബോധപൂർവമാണെന്നും അവർക്കെതിരെ ഏത്‌ കേന്ദ്രഏജൻസിയാണ്‌ കേസെടുക്കുകയെന്നും പ്രതിപക്ഷനേതാക്കൾ ആരാഞ്ഞു.


ഭരണഘടനാ ഭേദഗതി പാസാക്കൽ എളുപ്പമല്ല

കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയ്‌ക്കെതിരായി വലിയ ചോദ്യം രാജ്യമാകെ ഉയരുന്ന ഘട്ടത്തിലാണ്‌ വിവാദ ഭരണഘടനാഭേദഗതി ബില്ലിന്റെ അവതരണം. ചൊവ്വാഴ്‌ച കേന്ദ്ര മന്ത്രിസഭാ യോഗം വിവാദ ബില്ലിന്‌ അംഗീകാരം നൽകിയെങ്കിലും വിവരം പുറത്തുവിട്ടില്ല. ലോക്‌സഭാ നടപടിക്രമത്തിൽ രാത്രി വൈകി ബില്ലുകൾ ഉൾപ്പെടുത്തുകയായിരുന്നു. ആ ഘട്ടത്തിൽ മാത്രമാണ് പ്രതിപക്ഷ എംപിമാർ പോലും സർക്കാർ നീക്കം മനസ്സിലാക്കിയത്‌.


ഭരണഘടനാ ഭേദഗതിയായതിനാൽ ബിൽ പാസാക്കുന്ന ഘട്ടത്തിൽ ഹാജരായ എംപിമാരുടെ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം വേണം. നിലവിൽ ലോക്‌സഭയിലും രാജ്യസഭയിലും ഭരണഘടനാ ഭേദഗതി ബില്ലുകൾ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടാതെ പാസാക്കാനുള്ള അംഗബലം എൻഡിഎയ്‌ക്കില്ല. ലോക്‌സഭയിൽ എൻഡിഎയുടെ അംഗബലം 293 മാത്രം. എല്ലാ അംഗങ്ങളും ഹാജരാകുന്ന സാഹചര്യമാണെങ്കിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 363 എംപിമാരുടെ പിന്തുണവേണം.


പാസാക്കൽ സാധ്യമല്ലെന്ന്‌ ബോധ്യപ്പെട്ടിട്ടും ബില്ലുകൾ കൊണ്ടുവന്നതിന്‌ പിന്നിൽ മറ്റുചില ലക്ഷ്യംകൂടി സർക്കാരിനുണ്ട്‌. അതിൽ പ്രധാനം തെരഞ്ഞെടുപ്പ്‌ കമീഷനെതിരായി ഉയർന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ ശ്രദ്ധതിരിക്കുകയെന്നതാണ്‌. ഒപ്പം പ്രതിപക്ഷം സംശുദ്ധ രാഷ്‌ട്രീയത്തിന്‌ എതിരാണെന്നും അഴിമതിക്കാർക്കൊപ്പമാണെന്നും വരുത്തിത്തീർക്കാനുള്ള പ്രചാരണവും ഭരണപക്ഷത്ത്‌ നിന്നുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Home