വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഹിന്ദുവിവാഹം അസാധുവാകില്ല: അലഹാബാദ് ഹൈക്കോടതി

ലഖ്‌നൗ: വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഹിന്ദുവിവാഹം അസാധുവാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പരസ്‌പര സമ്മതപ്രകാരമുള്ള വിവാഹങ്ങളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് വിചാരണ കോടതികൾക്ക് നിർദേശിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് മനീഷ് കുമാർ നിഗം അടങ്ങിയ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വിവാഹമോചന കേസ് തടഞ്ഞ അസംഗഡ് കുടുംബ കോടതിയുടെ വിധി അലഹബാദ് ഹൈക്കോടതി റദ്ദാക്കി.
പരസ്‌പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി 2024 ഒക്‌ടോബർ 23ന് അസംഗഡ് കുടുംബകോടതിയെ സമീപിച്ചപ്പോഴാണ് വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ദമ്പതികൾ അറിയിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹങ്ങളിൽ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.









0 comments