ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം നൽകാം: മുൻ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി


സ്വന്തം ലേഖകൻ
Published on Dec 13, 2024, 02:27 PM | 1 min read
ചെന്നൈ > സംഗീതഞ്ജൻ ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. പുരസ്കാരം നൽകുന്നത് വിലക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കോടതി റദ്ദാക്കി. പുരസ്‌കാരം നൽകുന്നതിനെതിരെ സുബ്ബലക്ഷ്‌മിയുടെ കൊച്ചുമകൻ വി ശ്രീനിവാസൻ നൽകിയ ഹർജിയിൽ നേരത്തെ പുരസ്കാരം നൽകുന്നത് ഹൈക്കോടതി സിംഗിൾ ഡിവിഷൻ ബെഞ്ച് വിലക്കിയിരുന്നു.
എം എസ് സുന്ദർ, പി ധനബാൽ എന്നിവരടങ്ങിയ രണ്ടാം ഡിവിഷൻ ബെഞ്ചാണ് പുരസ്കാരം നൽകാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. 'സംഗീത കലാനിധി എം എസ് ' എന്ന പേരിൽ ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നതിൽ നിന്ന് മ്യൂസിക് അക്കാദമിക്കും ദി ഹിന്ദുവിനും സിംഗിൾ ജഡ്ജി നൽകിയ ഇടക്കാല വിലക്കാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കിയത്.
2005ൽ ഹിന്ദു ഗ്രൂപ്പാണ് എം എസ് സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്കാരമേർപ്പെടുത്തിയത്. ഒരോ വർഷവും പുരസ്കാരത്തിന്റെ ഭാഗമായി സംഗീത കലാനിധി അവാർഡ് ജേതാവിനെ മ്യൂസിക് അക്കാദമി തെരഞ്ഞെടുക്കുകയായിരുന്നു. സുബ്ബലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ശ്രീനിവാസന്റെ ഹർജി തള്ളണമെന്ന് മ്യൂസിക് അക്കാദമിയും ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിലക്ക് നീക്കിയത്.








0 comments